
കണ്ണൂര്‍:നിയമസഭ തെരഞ്ഞെടുപ്പ് പോളിംഗ് ദിവസം എല്ലാ ബൂത്തുകളുടെയും അകത്തും പുറത്തും മുഴുവന്‍ സമയവും വെബ്കാസ്റ്റിംഗ് സൗകര്യമുണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ പറഞ്ഞു. ഓരോ ബൂത്തിന് അകത്തും പുറത്തും എന്താണ് സംഭവിക്കുന്നതെന്ന് കലക്ടറേറ്റില്‍ സജ്ജമാക്കുന്ന കണ്‍ട്രോള്‍ റൂമിലും തിരുവനന്തപുരത്തെ സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലും തല്‍സമയം കാണാന്‍ സാധിക്കും. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.
വീട്ടിലെ വോട്ട് (ഹോം വോട്ട്) സംബന്ധിച്ച് രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അദ്ദേഹം വിശദീകരിച്ചു. ഭിന്നശേഷിക്കാര്‍ അല്ലാത്ത കിടപ്പു രോഗികളെ ബൂത്തില്‍ എത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുനല്‍കും. പ്രശ്നബാധിതമെന്ന് കണ്ടെത്തിയ ബൂത്തുകളില്‍ തങ്ങളുടെ ഏജന്റുമാര്‍ ഉണ്ടെന്ന് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഉറപ്പുവരുത്തണം.
പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ബൂത്തുകളെ സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ പരാതി അറിയിച്ചാല്‍ പോലീസ് വിന്യാസത്തിന് സൗകര്യമാകുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ നിധിന്‍രാജ് പി പറഞ്ഞു. നിര്‍മിതി ബുദ്ധി ഉപയോഗിച്ച് സോഷ്യല്‍ മീഡിയ കണ്ടന്റ് ഉപയോഗിക്കുമ്പോള്‍ അത് നിര്‍മിതി ബുദ്ധി ഉപയോഗിച്ചാണ് ചെയ്തത് എന്ന കാര്യം വെളിപ്പെടുത്തണം.
പൊതുസ്ഥലങ്ങളില്‍ പതിച്ച പ്രചാരണ സാമഗ്രികള്‍ തെരഞ്ഞെടുപ്പ് സ്‌ക്വാഡ് നീക്കം ചെയ്യുമ്പോള്‍ അതിന്റെ ചെലവ് അതാത് സ്ഥാനാര്‍ഥിയുടെ
തെരഞ്ഞെടുപ്പ് ചെലവിനത്തില്‍ വരുമെന്ന് എഡിഎം കല ഭാസ്‌കര്‍ പറഞ്ഞു.
യോഗത്തില്‍ എന്‍ ചന്ദ്രന്‍ (സിപിഐഎം), ചന്ദ്രന്‍ തില്ലങ്കേരി (കോണ്‍ഗ്രസ്), യു ടി ജയന്തന്‍ (ബിജെപി), നസീര്‍ ചാലാട് (മുസ്ലിം ലീഗ്), വെള്ളോറ രാജന്‍ (സിപിഐ), ജോണ്‍സണ്‍ പി തോമസ് (ആര്‍എസ്പി), ഡോ. കെ ജോസഫ് തോമസ് (കേരള കോണ്‍ഗ്രസ് എം), സാദിഖ് കെ എസ് (എഎപി), ധീരജ് സി (എസ്ജെഡി), പി സി അശോകന്‍ (എന്‍സിപി), ബഷീര്‍ സി (എസ്ഡിപിഐ) തുടങ്ങിയവര്‍ പങ്കെടുത്തു.














