ഇരിട്ടി:തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുപന്നിയെ കണ്ട് ഭയന്നോടി വീണ് ഗുരുതരമായി പരിക്കേറ്റ വയോധികയ്ക്ക് വനം വകുപ്പിന്റെ സഹായം ലഭിച്ചില്ലെന്ന് പരാതി. ഗുരുതരമായി പരിക്കേറ്റ ആറളം പുനരധിവാസ മേഖലയിലെ താമസക്കാരി ജാനകിക്ക് മൂന്നുമാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
കഴിഞ്ഞ 22ാം തീയതിയാണ് ജാനകി തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുപന്നിയെ കണ്ട് ഭയന്നോടി വീണ് ഗുരുതരമായി പരിക്കേറ്റത്. ഷോള്‍ഡറിന് പരിക്കുപറ്റിയ ജാനകിയെ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിവിവരങ്ങള്‍ ശേഖരിച്ച വകുപ്പ് ഉദ്യോഗസ്ഥര്‍ പിന്നീട് യാതൊരു സഹായവും ചെയ്തിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.ഒരുവര്‍ഷം മുന്‍പ് തിരുവനന്തപുരം ശ്രീ ചിത്തിര ആശുപത്രിയില്‍ നിന്നും തലച്ചോറില്‍ ശസ്ത്രക്രിയക്ക് വിധേയയായി സുഖം പ്രാപിച്ചു വന്ന ജാനകി തൊഴിലുറപ്പ് ജോലിക്ക് പോയിത്തുടങ്ങിയപ്പോഴാണ് ഈ അത്യാഹിതം സംഭവിച്ചത്.22 ന് നടന്ന അപകടത്തെക്കുറിച്ച് ടി ആര്‍ ഡി എമ്മില്‍ പോലും വിവരങ്ങള്‍ ലഭ്യമായിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. തൊഴിലുറപ്പ് ജോലി ചെയ്തു കുടുംബം പുലര്‍ത്തുന്ന ജാനകിക്ക് വനംവകുപ്പ് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.