Hivision Channel

സ്ഥാനാര്‍ഥികളുടെ ചെലവ് നിരീക്ഷണത്തിനായി തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ ഫ്ളയിങ് സ്‌ക്വാഡുകള്‍ രംഗത്തിറങ്ങും

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ ചെലവ് നിരീക്ഷണത്തിനായി രൂപീകരിച്ച ഇലക്ഷന്‍ എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിങ് സെല്ലിലെ ഫ്ളയിങ് സ്‌ക്വാഡുകള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ പ്രവര്‍ത്തനം തുടങ്ങും. സ്റ്റാറ്റിക് സര്‍വ്വലയന്‍സ് ടീം തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന തീയതി മുതലും പ്രവര്‍ത്തിക്കും. ഇതിനുമുന്നോടിയായി
അസിസ്റ്റന്റ് എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍, ഫ്ളയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വ്വലയന്‍സ്, വീഡിയോ സര്‍വ്വലയന്‍സ്, വീഡിയോ വ്യൂയിങ് ടീം, അക്കൗണ്ടിങ് ടീം എന്നീ സ്‌ക്വാഡുകള്‍ക്ക് കലക്ടറേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നല്‍കി.
ഫ്ളയിങ് സ്‌ക്വാഡ് (എഫ് എസ്), സ്റ്റാറ്റിക് സര്‍വ്വലയന്‍സ് ടീം (എസ് എസ് ടി), വീഡിയോ സര്‍വ്വലയന്‍സ് ടീം (വി എസ് ടി), എന്നിവയാണ് ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഒരു എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്, രണ്ടോ മൂന്നോ പൊലീസ് ഉദ്യോഗസ്ഥര്‍, ഒരു വീഡിയോഗ്രാഫര്‍ എന്നിവര്‍ അടങ്ങുന്നതാണ് ഫ്ളയിങ് സ്‌ക്വാഡ്. നിയോഗിച്ച മണ്ഡലത്തിന്റെ പരിധിയില്‍ സഞ്ചരിച്ച് പരിശോധന നടത്തും. പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പണമിടപാടുകള്‍ ഉണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിക്കും. മണ്ഡലത്തിലെ ഒരു സ്ഥലത്ത് നിലയുറപ്പിച്ച് സ്റ്റാറ്റിക് സര്‍വ്വലയന്‍സ് ടീം പരിശോധന നടത്തും. ഒരു എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്, രണ്ടോ മൂന്നോ പൊലീസ് ഉദ്യോഗസ്ഥര്‍, ഒരു വീഡിയോഗ്രാഫര്‍ എന്നിവര്‍ അടങ്ങുന്നതാണ് ടീം. ഒരു ടീം ലീഡറും വീഡിയോഗ്രാഫറുമാണ് വിഎസ്ടിയില്‍ ഉണ്ടാവുക. എല്ലാ പരിശോധനകളും വീഡിയോ ചിത്രീകരിച്ച് ജില്ലാതലത്തിലെ മോണിറ്ററിങ് ടീമിന് കൈമാറും. 11 നിയോജക മണ്ഡലത്തിലും മൂന്ന് വീതം ഫ്ളയിങ് സ്‌ക്വാഡുകളും സ്റ്റാറ്റിക് സര്‍വ്വലയന്‍സ് ടീമുകളുമാണ് പ്രവര്‍ത്തിക്കുക. സ്‌ക്വാഡുകളുടെ മേല്‍നോട്ടത്തിനായി 11 നിയോജക മണ്ഡലത്തിലും ഒന്ന് വീതം അസിസ്റ്റന്റ് എക്സ്പെന്റിച്ചര്‍ ഒബ്സര്‍വര്‍മാരെയും (എഇഒ) ജില്ലാ തലത്തില്‍ രണ്ട് അസിസ്റ്റന്റ് എക്സ്പെന്റിച്ചര്‍ ഒബ്സര്‍വര്‍മാരെയും നിയമിച്ചിട്ടുണ്ട്. ഫിനാന്‍സ് ഓഫീസര്‍ ശിവപ്രകാശന്‍ നായരാണ് എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിങ് നോഡല്‍ ഓഫീസര്‍. പരിശീലന പരിപാടിയില്‍ ഫിനാന്‍സ് ഓഫീസര്‍ ശിവപ്രകാശന്‍ നായര്‍ അധ്യക്ഷത വഹിച്ചു. മാസ്റ്റര്‍ ട്രെയിനര്‍ എം പി വിനോദ്കുമാര്‍ ക്ലാസെടുത്തു.

ഇലക്ഷന്‍ എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിങ് സെല്ലിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബാങ്കുകള്‍ക്കും ക്ലാസ്സ് നല്‍കി. സി വിജില്‍ പോര്‍ട്ടലില്‍ രശീതി ജനറേറ്റ് ചെയ്യാന്‍ ബാങ്കുകള്‍ യൂസര്‍ അക്കൗണ്ട് തുടങ്ങുന്നത് സംബന്ധിച്ച് ജില്ലാ ഇന്‍ഫോമാറ്റിക്സ് ഓഫീസര്‍ കെ രാജന്‍ ക്ലാസ്സെടുത്തു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം അനുസരിച്ച് ബാങ്കുകള്‍ എ ടി എമ്മുകളിലേക്കും മറ്റും പണം കൊണ്ടുപോകുമ്പോള്‍ ഫ്ളയിങ് സ്‌ക്വാഡുകള്‍ക്ക് മതിയായ രേഖകള്‍ സമര്‍പ്പിക്കണം. രേഖകള്‍ ഇല്ലെങ്കില്‍ പണം പിടിച്ചെടുക്കും. അതിനാല്‍ പണം സംബന്ധിച്ച് പോര്‍ട്ടലില്‍ രേഖപ്പെടുത്തിയ രശീതി വാഹനത്തിലുള്ള ആള്‍ കരുതണം.

Leave a Comment

Your email address will not be published. Required fields are marked *