Hivision Channel

ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി അവസാനിച്ച് ഒരു വര്‍ഷം കഴിഞ്ഞാണ് ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതെങ്കില്‍ വീണ്ടും ഡ്രൈവിങ് ടെസ്റ്റ് പാസാകണമെന്ന് ഹൈക്കോടതി

കാലാവധികഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാണ് ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കുന്നതെങ്കില്‍ വീണ്ടും ഡ്രൈവിങ് ടെസ്റ്റ് പാസാകണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് മുന്‍പ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ ചോദ്യംചെയ്ത് എറണാകുളം സ്വദേശി സെബാസ്റ്റ്യന്‍ ജേക്കബ് നല്‍കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് എന്‍. നഗരേഷിന്റെ ഉത്തരവ്.

2020 ഒക്ടോബര്‍ 30-ന് ഹര്‍ജിക്കാരന്റെ ലൈസന്‍സ് കാലാവധി കഴിഞ്ഞിരുന്നു. കോവിഡ് കാരണം യഥാസമയം പുതുക്കാനായില്ല. വിദേശത്തു നിന്ന് 2022 ജൂലായ് 15-ന് മടങ്ങിവന്ന ശേഷം ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കി. ജോയിന്റ് ആര്‍.ടി.ഒ. 2032 വരെ കാലാവധി നിശ്ചയിച്ച് ലൈസന്‍സ് പുതുക്കി നല്‍കി.

എന്നാല്‍ സ്മാര്‍ട്ട് കാര്‍ഡിനായി അപേക്ഷിച്ചപ്പോള്‍ ഏഴു ദിവസത്തിനുളളില്‍ ജോയിന്റ് ആര്‍.ടി.ഒ.യ്ക്ക് മുമ്പാകെ ഹാജരാകാന്‍ നോട്ടീസ് ലഭിച്ചു. ലൈസന്‍സ് പുതുക്കാന്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തിയില്ലെന്ന കാരണത്താലായിരുന്നു നോട്ടീസ് ലഭിച്ചത്.

2019-ലെ സര്‍ക്കുലര്‍ പ്രകാരം ലൈസന്‍സ് കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞ് പുതുക്കാന്‍ അപേക്ഷ നല്‍കുന്നവര്‍ ഡ്രൈവിങ് ടെസ്റ്റടക്കമുള്ള റോഡ് ടെസ്റ്റ് വീണ്ടും പാസാകണമെന്ന് പറയുന്നുണ്ട്. എന്നാല്‍ ഡ്രൈവിങ് ലൈസന്‍സ് കാലാവധി കഴിഞ്ഞ് അഞ്ചു വര്‍ഷത്തിനുള്ളില്‍ പുതുക്കാനായി അപേക്ഷ നല്‍കിയാല്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ടതില്ലെന്നാണ് മോട്ടോര്‍ വെഹിക്കിള്‍ നിയമത്തില്‍ പറയുന്നതെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

മോട്ടോര്‍ വാഹന നിയമത്തില്‍ 2019-ല്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം കാലാവധികഴിഞ്ഞ് ഒരുവര്‍ഷം കഴിഞ്ഞ ലൈസന്‍സ് പുതുക്കാന്‍ വീണ്ടും ഡ്രൈവിങ് ടെസ്റ്റ് പാസാകേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ അപാകമില്ലെന്നും കോടതി വിലയിരുത്തി.

Leave a Comment

Your email address will not be published. Required fields are marked *