
തൃശ്ശൂര്‍ പൂരത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ സര്‍ക്കുലറിനെതിരെ പ്രതിഷേധം ശക്തമായതോടെ പിന്‍വാങ്ങി വനംവകുപ്പ്. ആനകളുടെ 50 മീറ്റര്‍ ചുറ്റളവില്‍ ആളും മേളവും പാടില്ലെന്ന സര്‍ക്കുലറിനെതിരെ പാറമക്കേവ് തിരുവമ്പാടി ദേവസ്വം ഭാരവാഹികളും ആന ഉടമകളും രംഗത്തെത്തി. പൂരം നടത്തിപ്പിന് പ്രശ്‌നമുണ്ടാകില്ലെന്നും വിവാദ നിര്‍ദേശങ്ങള്‍ പിന്‍വലിക്കുമെന്നും വനംമന്ത്രി അറിയിച്ചു. വിവാദ നിബന്ധനയില്‍ മാറ്റം വരുത്തുമെന്നും ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും വനംമന്ത്രിയുടെ ഓഫീസും വ്യക്തമാക്കി.
ആനകളുടെ അമ്പത് മീറ്റര്‍ ചുറ്റളവില്‍ തീവെട്ടി, താളമേളം, എന്നിവയില്ലെന്ന ഉറപ്പ് വരുത്തണമെന്ന ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ സര്‍ക്കുലറാണ് വിവാദത്തിന് തിരികൊളുത്തിയത്. ആനകളുടെ മൂന്ന് മീറ്റര്‍ അകലെ മാത്രമേ ആളുകള്‍ നില്‍ക്കാവൂ, ആനകള്‍ക്ക് ചുറ്റും പൊലീസും ഉത്സവ വൊളന്റിയര്‍മാരും സുരക്ഷാവലയം തീര്‍ക്കണം, ചൂട് കുറയ്ക്കാന്‍ ഇടയ്ക്കിടെ ആനകളെ നനയ്ക്കണം എന്നതടക്കമാണ് നിര്‍ദ്ദേശം. കനത്ത ചൂടും ആനകള്‍ വിരണ്ടോടുന്നത് പതിവാകുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍ എന്നാണ് വിശദീകരണം. എന്നാല്‍ ഇങ്ങനെ അമ്പത് മീറ്ററിനപ്പുറത്തേക്ക് ആളുകളെയും മേളവുമെല്ലാം മാറ്റുക എന്നത് അപ്രായോഗികമാണെന്നും അത് നടപ്പിലാക്കിയാല്‍ മേളക്കാരും ആളുകളും തേക്കിന്‍കാട് മൈതാനത്തിന് പുറത്താകുമെന്നും ദേവസ്വം ഭാരവാഹികള്‍ പറയുന്നത്.
സര്‍ക്കുലര്‍ വിവാദമായതിന് പിറകെ 50 മീറ്റര്‍ ദൂരത്ത് ആളും മേളവും പാടില്ലെന്ന വ്യവസ്ഥയില്‍ ഇളവ് വരുത്തി ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്ന് വനംമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. പൂരത്തിന് പ്രതിസന്ധിയുണ്ടാകില്ലെന്നും വിവാദ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുമെന്നും വനം മന്ത്രിയും വ്യക്തമാക്കി. പൂരത്തിന് എഴുന്നെള്ളിക്കാനുള്ള ആനകളും പട്ടികയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദശമുണ്ട്. ആരോഗ്യ പ്രശനവും മദപ്പാടുള്ളതുമായ ആനകളെ ഉപയോഗിക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ചൊവ്വാചയ്ക്കുള്ളില്‍ അറിയിക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം. ഇക്കാര്യങ്ങള്‍ക്കൊപ്പമാകും സര്‍ക്കുലറിലെ ഇളവ് കൂടി കോടതി പരിഗണിക്കുക.