Hivision Channel

തൃശൂര്‍ പൂരത്തിന് ആനകള്‍ നില്‍ക്കുന്നിടത്ത് നിന്ന് പാലിക്കേണ്ട ദൂരപരിധി ആറ് മീറ്ററാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

തൃശൂര്‍ പൂരത്തിന് ആനകള്‍ നില്‍ക്കുന്നിടത്ത് നിന്ന് പാലിക്കേണ്ട ദൂരപരിധി ആറ് മീറ്ററാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ആനകളുടെ ഫിറ്റ്നസ് പരിശോധന നിരീക്ഷിക്കാന്‍ മൂന്നംഗ അഭിഭാഷക സംഘത്തെയും ഹൈക്കോടതി നിയോഗിച്ചു.

തൃശൂര്‍ പൂരത്തിന് ആനകളും പൊതുജനവും തമ്മിലുള്ള അകല പരിധി 50 മീറ്റര്‍ എന്നതില്‍ ഇളവ് വരുത്തിയെന്ന് വനം വകുപ്പ് ഇന്ന് കോടതിയെ അറിയിച്ചു. സുരക്ഷിതമായ അകലം പാലിക്കണമെന്നാണ് പുതിയ ഉത്തരവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ പത്ത് മീറ്ററെങ്കിലും അകലം അനിവാര്യമെന്നായിരുന്നു അമികസ് ക്യൂറി റിപ്പോര്‍ട്ട്. എന്നാല്‍ പത്ത് മീറ്റര്‍ പരിധി അപ്രായോഗികമെന്ന് പാറമേക്കാവ് ദേവസ്വം അറിയിച്ചു. കുടമാറ്റം പോലുള്ള ചടങ്ങിന് ദൂരപരിധി പ്രശ്നമാകുമെന്നും വ്യക്തമാക്കി. തുടര്‍ന്നാണ് ആനകള്‍ നില്‍ക്കുന്നിടത്തു നിന്ന് പാലിക്കേണ്ട ദൂരപരിധി ആറ് മീറ്ററാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. ആനകള്‍ നില്‍ക്കുന്നിടത്തു നിന്ന് ആറ് മീറ്ററിനുള്ളില്‍ തീവെട്ടി പാടില്ലെന്നും കോടതി വ്യക്തമാക്കി. തീവെട്ടി ആചാരത്തിന്റെ ഭാഗമല്ലെന്നും ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാണിച്ചു. ആനകളുടെ ഫിറ്റ്നസ് പരിശോധന നിരീക്ഷിക്കാന്‍ മൂന്നംഗ അഭിഭാഷക സംഘത്തെയും ഹൈക്കോടതി നിയോഗിച്ചു

അതേസമയം തെച്ചിക്കോട്ട് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതില്‍ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. തെച്ചിക്കോട്ട് രാമചന്ദ്രന്‍ വിഷയത്തില്‍ ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. ഒരു ജീവന്‍ പോലും നഷ്ടപ്പെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തെച്ചിക്കോട്ട് രാമചന്ദ്രന്റെ ഉത്തരവാദിത്തം വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ഏറ്റെടുക്കണം. സാക്ഷ്യപത്രങ്ങള്‍ വിശ്വസിക്കാമെന്ന ഉറപ്പ് നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *