വടകരയില്‍ വഴിയരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഫോറന്‍സിക്ക് പരിശോധന തുടങ്ങി. മലപ്പുറം വണ്ടൂര്‍ സ്വദേശി മനോജിന്റെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായി.കാസര്‍കോട് സ്വദേശി ജോയലിന്റെ ഇന്‍ക്വസ്റ്റ് നടപടി ആരംഭിച്ചു. മനോജിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പൊന്നാനിയിലെ കാരവന്‍ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്പനിയില്‍ തന്നെയുള്ള ജീവനക്കാരനാണ് ജോയല്‍. വാഹനത്തിന്റെ മുന്നിലെ പടിയിലും പിന്‍ഭാഗത്തുമായാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ടു ദിവസമായി റോഡരികില്‍ വാഹനം നിര്‍ത്തിയിട്ട നിലയിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് പ്രദേശവാസികള്‍ക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് വാഹനത്തിനുള്ളില്‍ രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കരിമ്പനപ്പാലത്താണ് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ടുപേരെ കണ്ടെത്തിയത്. മരണകാരണം പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്. എ സിയിട്ട് ഉറങ്ങിയപ്പോള്‍ ഉള്ളില്‍ കാര്‍ബണ്‍ മോണോക്സൈഡ് നിറഞ്ഞ് അത് ശ്വസിച്ചതാകാം മരണത്തിനിടയാക്കിയതെന്ന സംശയമുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.