മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം ടി വാസുദേവന്‍ നായരുടെ സംസ്‌കാരം വൈകിട്ട് 5 മണിക്ക് നടക്കും. മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക. മോഹന്‍ലാല്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ എം ടിയെ അവസാനമായി ഒരുനോക്കുകാണാന്‍ കോഴിക്കോട്ടെ വീട്ടിലെത്തി.
എംടിയുടെ വിയോഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് 2 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു എംടിയുടെ അന്ത്യം. 91 വയസായിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ 15ന് രാവിലെയാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് എം.ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ ഹൃദയസ്തംഭനമുണ്ടാവുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു.
നോവലിസ്റ്റ്, പത്രാധിപര്‍, തിരക്കഥാകൃത്ത്, സംവിധായകന്‍. എംടിയെന്ന രണ്ടക്ഷരത്തില്‍ സര്‍ഗാത്മകതയുടെ വിവിധ മേഖലകളില്‍ എന്നും മലയാളിയെ അത്ഭുതപ്പെടുത്തിയ പ്രതിഭയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍. ഇന്ത്യന്‍ സാഹിത്യത്തിലെ അതികായനായ എഴുത്തുകാരന്റെ സംഭാവനകള്‍ പല തലമുറകളിളില്‍ മായാത്ത മുദ്ര പതിപ്പിച്ചു. ലളിതമായ ഭാഷയും ചിരപരിചിതമായ ജീവിതപരിസരവും അക്ഷരങ്ങളിലൂടെയും അഭ്രപാളിയിലൂടെയും ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ചയാണ് എം ടി സമ്മാനിച്ചത്.