കണ്ണൂര്‍:കേന്ദ്ര-സംസ്ഥാന ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തില്‍ ദേശീയ ക്ഷയരോഗ നിവാരണ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് നടപ്പിലാക്കുന്ന നൂറുദിന ക്ഷയരോഗ നിവാരണ-ബോധവത്കരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഡി.പി.സി ഹാളില്‍ രജിസ്ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. നൂറുദിന കര്‍മ്മ പദ്ധതിയുടെ പോസ്റ്റര്‍ ഡിഎംഒ ഡോ. പീയൂഷ് എം നമ്പൂതിരിപ്പാടിന് കൈമാറി മന്ത്രി പ്രകാശനം ചെയ്തു. എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പികെ അനില്‍കുമാര്‍ ബോധവത്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ക്ഷയരോഗബാധ 2015 നെ അപേക്ഷിച്ചു 80% കുറയ്ക്കുക, ക്ഷയരോഗ മരണനിരക്ക് 90% കുറയ്ക്കുക, ക്ഷയരോഗം കാരണം ആര്‍ക്കും അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കുക തുടങ്ങിയവയാണ് ക്യാമ്പയിന്‍ വിഭാവനം ചെയ്യുന്നത്. ക്ഷയരോഗ ബാധിതരോട് അടുത്ത് ഇടപഴകുന്നവര്‍, പ്രമേഹബാധിതര്‍, എച്ച്ഐവി അണുബാധിതര്‍, ഡയാലിസിസ്, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ തുടങ്ങിയവര്‍ ക്ഷയരോഗ സാധ്യത കൂടിയവരാണ്. ഇവരുടെയിടയില്‍ ഗൃഹ സന്ദര്‍ശനത്തിലൂടെയും അതിഥി തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ക്യാമ്പുകള്‍ സംഘടിപ്പിച്ചും വൃദ്ധസദനങ്ങള്‍, അനാഥാലയങ്ങള്‍, ജയിലുകള്‍ എന്നിവ സന്ദര്‍ശിച്ച് കഫ പരിശോധന നടത്തിയും പരമാവധി രോഗികളെ കണ്ടെത്തും. ഇവര്‍ക്ക് ചികിത്സ നല്‍കുക, പരമാവധി മരണങ്ങള്‍ കുറക്കുക, ക്ഷയരോഗത്തെപ്പറ്റിയുള്ള മിഥ്യാധാരണകള്‍ ഒഴിവാക്കുക, രോഗികള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്തുക, ക്ഷയരോഗ ബോധവത്കരണം എന്നിവയാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.
ടി.ബി ആന്‍ഡ് എയ്ഡ്സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോക്ടര്‍ സോനു ബി. നായര്‍ അധ്യക്ഷതവഹിച്ചു. ഡിഎംഒ ഡോ. പീയൂഷ് എം നമ്പൂതിരിപ്പാട് വിശിഷ്ടാതിഥിയായി. ജില്ലയിലെ ടി.ബി രോഗികള്‍ക്ക് നല്‍കുവാനുള്ള പേഷ്യന്റ് ട്രീറ്റ്മെന്റ് കാര്‍ഡ് എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി കെ അനില്‍കുമാര്‍ ചെറുകുന്ന്, കല്ല്യാശ്ശേരി, കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് കൈമാറി പ്രകാശനം ചെയ്തു.
ഡെപ്യൂട്ടി ഡി.എം.ഒ കെടി രേഖ, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. സിപി ബിജോയ്, ടിബി ചാമ്പ്യന്‍ ഡോ. പി വി മോഹനന്‍, ടി.ബി അസോസിയേഷന്‍ ട്രഷറര്‍ എംകെ ഉമേഷ്, സീനിയര്‍ ട്രീറ്റ്മെന്റ് സൂപ്പര്‍വൈസര്‍ എം. മനോജ് കുമാര്‍ എം, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ടി സുധീഷ്, എസിഎസ്എം നോഡല്‍ ഓഫീസര്‍ പി വി അക്ഷയ എന്നിവര്‍ സംസാരിച്ചു. ജില്ലാ ടിബി സെന്റര്‍ കണ്‍സള്‍ട്ടന്റ് ഡോ. രജ്ന ശ്രീധരന്‍ ബോധവത്കരണ ക്ലാസെടുത്തു.