
കാസര്‍ഗോഡ് പൈവളിഗെയിലെ 15 കാരിയുടെയും അയല്‍വാസിയായ യുവാവിന്റെയും മരണം ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടന്നത്. കൂടുതല്‍ പരിശോധനയ്ക്കായി ഇരുവരുടെയും സാമ്പിളുകള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചു. മൃതദേഹങ്ങള്‍ക്ക് 26 ദിവസത്തെ പഴക്കമാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ആത്മഹത്യ യിലേക്ക് നയിച്ച കാരണത്തെ സംബന്ധിച്ച് പൊലീസിന് വ്യക്തയില്ല. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ സൈബര്‍ വിഭാഗത്തിന് കൈമാറി.
അതേസമയം, മരിച്ച പത്താം ക്ലാസുകാരി ശ്രേയയുടെ അമ്മ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് വന്നു. കേസ് പരിഗണിച്ച കോടതി പൊലീസിനെയും രൂക്ഷമായി വിമര്‍ശിച്ചു. ഒരു വിഐപിയുടെ മകള്‍ ആയിരുന്നെങ്കില്‍ പൊലീസ് ഇങ്ങനെ കാണിക്കുമോയെന്ന് കോടതി ചോദിച്ചു. പെണ്‍കുട്ടിയെ കാണാതായതുമുതല്‍ കണ്ടെത്താന്‍ എടുത്ത കാലതാമസമാണ് കോടതിയെ ചൊടിപ്പിച്ചത്. നിയമത്തിന് മുന്നില്‍ വിവിഐപിയും തെരുവില്‍ താമസിക്കുന്നവരും തുല്യരാണ്. അന്വേഷണ ഉദ്യോഗസ്ഥന്‍ നാളെ ഹൈക്കോടതിയില്‍ കേസ് ഡയറിയുമായി ഹാജറാകണമെന്നും കോടതി പറഞ്ഞു.
ഫെബ്രുവരി 12 നാണ് പെണ്‍കുട്ടിയെയും പ്രദീപിനെയും കാണാതായത്. ഇന്നലെ നടത്തിയ തിരച്ചിലിലാണ് ഇവരെ വീടിന് 200 മീറ്റര്‍ ചുറ്റളവിലുള്ള സ്ഥലത്ത് നിന്ന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മരിച്ച പ്രദീപിനെതിരെ പെണ്‍കുട്ടി പഠിച്ച സ്‌കൂളിലെ അധ്യാപകര്‍ രണ്ട് വര്‍ഷം മുമ്പ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിരുന്നു. അന്ന് തുടര്‍ നടപടി ഉണ്ടായില്ലെന്ന് പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു.