Hivision Channel

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയനേട്ടങ്ങളെ ആദരിക്കുകയും സ്ത്രീകള്‍ക്ക് തുല്യനീതിയും അവകാശങ്ങളും അവസരങ്ങളും ഉറപ്പുവരുത്തുകയുമാണ് ഈ ദിനത്തിന്റെ ലക്ഷ്യം. വിദ്യാഭ്യാസം, തൊഴില്‍, ഭരണനേതൃത്വം തുടങ്ങിയ മേഖലകളില്‍ ഇന്നും നിരവധി പ്രതിസന്ധികളാണ് സ്ത്രീകള്‍ നേരിടുന്നത്. ലിംഗവിവേചനം, വേതനത്തിലെ അസമത്വങ്ങള്‍, പരമ്പരാഗത സാമൂഹിക വ്യവസ്ഥിതി തുടങ്ങിയ വ്യത്യസ്ത ഘടകങ്ങള്‍ ഇന്നും സ്ത്രീകളുടെ പുരോഗതിക്ക് തടസ്സമായി തുടരുന്നു.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവകാശങ്ങളും തുല്യനീതിയും ഉറപ്പുവരുത്തുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് ഇത്തവണത്തെ പ്രമേയം. ലോകം മുഴുവനുമുള്ള സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളും അസമത്വങ്ങളും തുറന്നുകാട്ടുകയും അതിജീവനപ്പോരാട്ടത്തില്‍ വിജയം കൈവരിച്ചവരെ ആദരിക്കുകയും ചെയ്യുന്ന ദിനമാണ് അന്താരാഷ്ട്ര വനിതാ ദിനം.

തൊഴില്‍ സമയം കുറയ്ക്കുക, വേതനവര്‍ധന, വോട്ടവകാശം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്, 1908ല്‍ ന്യൂയോര്‍ക്ക് നഗരഹൃദയത്തിലൂടെ വസ്ത്രനിര്‍മ്മാണശാലയിലെ പതിനയ്യായിരത്തിലധികം സ്ത്രീ തൊഴിലാളികള്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനമാണ് പിന്നീട് അന്താരാഷ്ട്ര വനിതാ ദിനത്തിന് വഴിയൊരുക്കിയത്. ലിംഗപരമായ വിവേചനത്തില്‍ നിന്ന് സ്ത്രീകളെ മോചിപ്പിക്കേണ്ടതിന്റെ ആവശ്യകതയാണ് ദിനം അടിവരയിടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *