Hivision Channel

കൊല്ലത്ത് പള്ളിവളപ്പില്‍ സ്യൂട് കേസില്‍ അസ്ഥികൂടം; അന്വേഷണം ആരംഭിച്ച് പൊലീസ്

കൊല്ലത്ത് പള്ളിവളപ്പില്‍ സ്യൂട് കേസിലാക്കിയ നിലയില്‍ അസ്ഥികൂടം കണ്ടെത്തി. എസ് എന്‍ കോളജിന് സമീപമുള്ള ശാരദാ മഠം സിഎസ്‌ഐ ദേവാലയത്തോട് ചേര്‍ന്നുള്ള സിമിത്തേരിയ്ക്ക് സമീപമാണ് അസ്ഥികൂടം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു.

പള്ളിയിലെ വാട്ടര്‍ പൈപ്പ്‌ലൈന്‍ പരിശോധിക്കുന്നതിനിടെയാണ് സ്യൂട് കേസ് കണ്ടെത്തുന്നത്. പള്ളിയിലെ ജീവനക്കാരനാണ് ആദ്യം ബാഗ് കണ്ടത്. അസ്ഥികൂടം ദ്രവിച്ചു തുടങ്ങിയ അവസ്ഥയിലാണ്. അസ്ഥികൂടം മനുഷ്യന്റെ തന്നെയാണെന്ന് പ്രാഥമിക പരിശോധനയില്‍ മനസ്സിലായിട്ടുണ്ട്. മനുഷ്യന്റെ തലയോട്ടിയും തുടയെല്ലുമാണ് കണ്ടെത്തിയിട്ടുള്ളത്. ബാഗിലുണ്ടായിരുന്ന മറ്റൊരു കവറില്‍ അസ്ഥികളും കണ്ടെത്തിയിട്ടുണ്ട്. എല്ലാ അസ്ഥികളും സ്യൂട് കേസില്‍ അടുക്കിവെച്ചിരിക്കുന്ന രീതിയിലാണ് കണ്ടെത്താന്‍ കഴിഞ്ഞത്. ആരെങ്കിലും പെട്ടിയിലാക്കി ഉപേക്ഷിച്ചത് ആകാനാണ് സാധ്യതയെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍ ഐപിഎസ് വ്യക്തമാക്കി.

തൊട്ടപ്പുറത്ത് പൊതു റോഡാണ്. അവിടെ നിന്നും ആരെങ്കിലും പള്ളി വളപ്പിലേക്ക് ഇട്ടതാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. മാത്രവുമല്ല അസ്ഥികൂടം സ്ത്രീയുടെയോ പുരുഷന്റെയോ ആണോയെന്ന് കണ്ടെത്തിയിരിക്കുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള പരിശോധനകള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഫോറെന്‍സിക്കിന്റെ സംഘം സ്ഥലത്തെത്തി അസ്ഥികള്‍ കൊണ്ടുപോയതിന് ശേഷം വിശദമായി കാര്യങ്ങള്‍ പരിശോധിക്കും.

പള്ളിയിലെ കപ്യാര്‍ താമസിക്കുന്ന സ്ഥലത്തു വെള്ളം എത്താത്തതിനെ തുടര്‍ന്ന് പൈപ്പ് ലൈനിന്റെ തകരാറ് പരിശോധിക്കുന്നതിനിടെയാണ് ചവറുകള്‍ കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്തായി സ്യൂട് കേസില്‍ അസ്ഥികൂടം നിറച്ച നിലയില്‍ കണ്ടെത്തുന്നത്.

Leave a Comment

Your email address will not be published. Required fields are marked *