
മലപ്പുറം പെരുവള്ളൂരില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു. മലപ്പുറം സ്വദേശി സിയ ഫാരിസാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. രാത്രി രണ്ട് മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. തെരുവുനായയുടെ കടിയേറ്റ കുട്ടിക്ക് പ്രതിരോധ വാക്‌സിന്‍ എടുത്ത ശേഷവും പേവിഷബാധ ഏല്‍ക്കുകയായിരുന്നു.
മാര്‍ച്ച് 29നാണ് പെരുവള്ളൂര്‍ കാക്കത്തടം സ്വദേശി സല്‍മാന്‍ ഫാരിസിന്റെ മകള്‍ സിയയെ തെരുവുനായ ആക്രമിച്ചത്. വീടിനടുത്തുള്ള കടയില്‍ പോയി മടങ്ങി വരുന്നതിനിടയിലായിരുന്നു നായയുടെ ആക്രമണം. തലയിലും കാലിലുമാണ് കടിയേറ്റത്. കുട്ടിയെ രക്ഷിക്കുന്നതിനിടെ അയല്‍വാസിയായ റാഹിസിനും പരിക്കേറ്റു. മറ്റു അഞ്ച് പേരെയും കൂടി അന്ന് നായ കടിച്ചിരുന്നു. മൂന്ന് മണിക്കൂറിനുള്ളില്‍ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് പ്രതിരോധ വാക്‌സിന്‍ നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. പിന്നാലെ പേ വിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.














