
സംസ്ഥാനത്ത് ഒന്‍പത് വര്‍ഷത്തിന് ശേഷം വീണ്ടും നദികളില്‍ നിന്ന് മണല്‍വാരല്‍ പുനരാരംഭിക്കുന്നു. ഐ.എല്‍.ഡി.എം സമര്‍പ്പിച്ച എസ്.ഒ.പി യ്ക്ക് റവന്യു വകുപ്പ് അംഗീകാരം നല്‍കി. സാന്‍ഡ് ഓഡിറ്റിംഗില്‍ 11 ജില്ലകളിലായി ഒഴുകുന്ന 17 നദികളില്‍ നിന്ന് മണല്‍ വാരാനാണ് ശിപാര്‍ശ നല്‍കിയത്.
മണല്‍വാരാനുള്ള പാരിസ്ഥിതിക അനുമതി നിബന്ധനകള്‍ ഏര്‍പ്പെടുത്തിയ 2016 ന് ശേഷം സംസ്ഥാനത്ത് നദികളില്‍ നിന്ന് മണല്‍ വാരാന്‍ അനുമതിയുണ്ടായിരുന്നില്ല. തുടര്‍ന്ന് മാറ്റിയ കേന്ദ്ര മാര്‍ഗനിര്‍ദ്ദേശം അനുസരിച്ചാണ് വീണ്ടും സംസ്ഥാനത്തെ നദികളില്‍ നിന്ന് മണല്‍ വാരാന്‍ സാഹചര്യമൊരുങ്ങുന്നത്. സംസ്ഥാനത്തെ 36 നദികളില്‍ സാന്‍ഡ് ഓഡിറ്റ് നടത്തിയതില്‍ 17 നദികളില്‍ വന്‍ തോതില്‍ മണല്‍ നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
സാന്‍ഡ് ഓഡിറ്റില്‍ 464 ലക്ഷം ക്യുബിക് മീറ്റര്‍ മണലാണ് നദികളിലുള്ളത്. ഇതില്‍ 141 ലക്ഷം ക്യുബിക് മീറ്റര്‍ ഖനനം ചെയ്യാമെന്നാണ് റിപ്പോര്‍ട്ട്. മണല്‍ ഖനനത്തിനായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡയറക്ടര്‍ സമര്‍പ്പിച്ച പൊതു പ്രവര്‍ത്തന നടപടി ക്രമത്തിന് റവന്യു വകുപ്പ് അംഗീകാരം നല്‍കി. മണല്‍ വാരുന്നതിനുള്ള പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശം ജില്ലകലക്ടര്‍മാര്‍ പുറപ്പെടുവിക്കും. ജില്ല സര്‍വെ റിപ്പോര്‍ട്ടിന്റെ അന്തിമ അനുമതി കൂടി ലഭിക്കുന്ന മുറയ്ക്ക് മണല്‍വാരല്‍ പുനരാരംഭിക്കാന്‍ കഴിയും.














