Hivision Channel

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട്

കേരളത്തില്‍ നാളെ മുതല്‍ പരക്കെ മഴയ്ക്ക് സാധ്യത. കൊല്ലം തിരുവനന്തപുരം ഒഴികെയുള്ള ബാക്കി എല്ലാ ജില്ലകളിലും നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ യെല്ലോ മുന്നറിയിപ്പ് തുടരും. ഈ മാസം 25 നുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

തെക്കന്‍ അറബിക്കടല്‍, മാലിദ്വീപ്, കന്യാകുമാരി മേഖല, ആന്‍ഡമാന്‍ കടല്‍, ആന്‍ഡമാന്‍ ദ്വീപ്, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവയുടെ കൂടുതല്‍ ഭാഗങ്ങളില്‍ കാലവര്‍ഷം വ്യാപിച്ചു കഴിഞ്ഞു. മധ്യ കിഴക്കന്‍ അറബിക്കടലില്‍ വടക്കന്‍ കര്‍ണാടക ഗോവ തീരത്തിനു മുകളിലായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഇനി രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം പ്രതീക്ഷിക്കാം. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദ സാധ്യതയും കാലവര്‍ഷത്തെ സ്വാധീനിക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

കാലവര്‍ഷത്തിനു മുന്നോടിയായി നാളെ മുതല്‍ കേരളത്തില്‍ മഴ വ്യാപകമാകും. കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ വരുന്ന നാല് ദിവസം മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കടലാക്രമണ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണം.

Leave a Comment

Your email address will not be published. Required fields are marked *