Hivision Channel

രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു

രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു. 24 മണിക്കൂറിനിടെ 363 കൊവിഡ് കേസുകളാണ് വര്‍ധിച്ചിരിക്കുന്നത്. നിലവില്‍ 3758 കൊവിഡ് കേസുകളാണുള്ളത്. കേരളത്തില്‍ 1400 ആക്റ്റീവ് കേസുകളുണ്ട്. 24 മണിക്കൂറിനിടെ 64 കൊവിഡ് കേസുകളാണ് കേരളത്തില്‍ വര്‍ധിച്ചിരിക്കുന്നത്.

രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത കൂട്ടിയിരിക്കുകയാണ് കേന്ദ്രം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ ഇന്ന് അവലോകന യോഗം ചേരും. രണ്ട് വര്‍ഷത്തിനിടെ ആദ്യമായി കൊവിഡ് ഉള്ളവരുടെ എണ്ണം 3000 കടന്നു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

2023 ഏപ്രിലിന് ശേഷം ഇത് ആദ്യമായാണ് രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 3000 കടക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 3758 പേര്‍ക്കാണ് നിലവില്‍ കൊവിഡ് ഉള്ളത്. ഇതില്‍ 37 ശതമാനം കേസുകള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1400 ആക്ടിവ് കേസുകള്‍. മഹാരാഷ്ട്രയില്‍ 485 ഉം ദില്ലിയില്‍ 436ഉം ഗുജറാത്തില്‍ 320ഉം ആക്റ്റീവ് കോവിഡ് കേസുകള്‍ ഉണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതിലൊന്ന് കേരളത്തിലാണ്.

കൊവിഡ് നിരക്കുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ആവശ്യമായ കിടക്കകള്‍, ഓക്‌സിജന്‍, മരുന്നുകള്‍, വാക്‌സിനുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കണം എന്നാണ് നിര്‍ദ്ദേശം. സാമ്പിളുകളുടെ ജനിതക പരിശോധന നടത്തണമെന്നും കേന്ദ്രം നിര്‍ദ്ദേശം നല്‍കി. മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ പൊതുവിടങ്ങളിലും യാത്ര ചെയ്യുമ്പോഴും മാസ്‌ക് ഉപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. അനാവശ്യ ആശുപത്രി സന്ദര്‍ശനവും ഒഴിവാക്കണം.

Leave a Comment

Your email address will not be published. Required fields are marked *