
അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന് അന്ത്യവിശ്രമം ഒരുങ്ങുന്നത് വലിയ ചുടുക്കാട്ടിലെ സ്മാരക ഭൂമിയില്‍ സ്വന്തം പേരിലുള്ള ഭൂമിയില്‍. 1957 ല്‍ വി.എസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി ആയിരുന്നപ്പോള്‍ പാര്‍ട്ടിക്ക് വേണ്ടി വാങ്ങിയതാണ് 22 സെന്റ് ഭൂമി. അവിടെ ആയിരിക്കും വിപ്ലവ സൂര്യന്‍ ഇനി അന്ത്യവിശ്രമം കൊള്ളുക.
അഭൂതപൂര്‍വമായ ജനക്കൂട്ടമാണ് വിഎസിനെ അവസാനമായി ഒരു നോക്ക് കാണാന്‍ കാത്തുനില്‍ക്കുന്നത്.അതുകൊണ്ടുതന്നെ സംസ്‌കാര സമയങ്ങളിലടക്കം മാറ്റം വരുത്തേണ്ടിവരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശന സമയം അരമണിക്കൂറാക്കി ചുരുക്കി. എല്ലാവഴികളും വി എസിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചക്കാണ് കഴിഞ്ഞ മണിക്കൂറുകളില്‍ കേരളം സാക്ഷ്യംവഹിച്ചത്. പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലും വി എസിനെ അവസാനമായി കാണാന്‍ ജനപ്രവാഹമാണ് തടിച്ചുകൂടിയിരിക്കുന്നത്. വിലാപയാത്രയില്‍ വഴിനീളെ ജനസഞ്ചയം തന്നെയായിരുന്നു. പാവങ്ങളുടെ പടത്തലവന് സ്‌നേഹാഭിവാദ്യവുമായി ഒരു നാട് തന്നെ ഒരുങ്ങി കഴിഞ്ഞു. മുഖ്യമന്ത്രിയും പാര്‍ട്ടി നേതാക്കളും ആലപ്പുഴയില്‍ എത്തി . എല്ലാവര്‍ക്കും വി എസിനെ കാണാന്‍ അവസരം ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.














