
സൂപ്പര്‍ താരം ലയണല്‍ മെസിയും അര്‍ജന്റീന ഫുട്‌ബോള്‍ ടീമും കേരളത്തിലെത്തും. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചതായി മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു.ഒരുക്കങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അര്‍ജന്റീന വരുമെന്ന് മുന്‍പേ ഉറപ്പായിരുന്നു. എന്നാല്‍ ഔദ്യോഗിക അറിയിപ്പ് വന്നത് ഇന്നലെ രാത്രിയിലാണെന്ന് മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം. മെസിയെ ഇഷ്ടപ്പെടുന്നവര്‍ക്ക് അവസരം ഒരുക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. അര്‍ജന്റീനയുമായി കളിക്കാന്‍ നിരവധി ടീമുകള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഓസ്‌ട്രേലിയന്‍ ടീം ഇതിനകം മുന്നോട്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന് സാമ്പത്തിക ബാധ്യതകളൊന്നുമില്ല. സെക്യൂരിറ്റി ഒരുക്കലാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം. അതല്ലാതെ വേറെ ചിലവുകളൊന്നുമില്ലെന്ന് മന്ത്രി വിശദീകരിച്ചു.
അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കേരളത്തിലെ ഫുട്ബോള്‍ ആരാധകരെ ആവേശം കൊള്ളിക്കുന്ന പ്രഖ്യാപനവുമായി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ എത്തിയത്. മെസ്സിപ്പട കേരളത്തിലെത്തുമെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ടീമിന്റെ നവംബറിലെ ഒരു മത്സരം കേരളത്തിലുണ്ടാകുമെന്നാണ് പ്രഖ്യാപനം. നവംബര്‍ പത്തിനും പതിനെട്ടിനും ഇടയിലുള്ള സമയത്തായിരിക്കും മത്സരം നടക്കുക. എതിരാളികള്‍ ആരെന്ന് നിശ്ചയിച്ചിട്ടില്ല.














