
ശബരിമലയിലെ സ്വര്‍ണ്ണപാളിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരാമെന്ന് ഹൈക്കോടതി. നിയമാനുസൃതമായി അറ്റകുറ്റപ്പണി തുടരാം. അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ച് സന്നിധാനത്ത് എത്തിക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കി. 1999,2009 ലും സ്വര്‍ണം പൂശിയത്തിന്റെ കണക്കുകള്‍ ഹാജരാക്കാന്‍ ദേവസ്വത്തിന് നിര്‍ദേശം.
സന്നിധാനത്തെ സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട എല്ലാ റിപ്പോര്‍ട്ടുകളും പിടിച്ചെടുത്ത് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. കോടതി ഇടപെട്ടതിനു പിന്നാലെ സ്വര്‍ണ്ണപ്പാളിയുടെ അറ്റകുറ്റപ്പണികള്‍ ചെന്നൈയില്‍ നിര്‍ത്തിവെച്ചിരുന്നു. കഴിഞ്ഞതവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ ദേവസ്വം ബോര്‍ഡ് കോടതിയില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു
സ്വര്‍ണപാളികള്‍ എത്തിച്ചയുടന്‍ തന്നെ പണികള്‍ ആരംഭിച്ചിരുന്നു എന്നാല്‍ പിന്നീട് കേസ് വന്നതിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ചതാണെന്നും തങ്ങള്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് സുതാര്യമായിട്ടാണെന്നും അത് ആര്‍ക്കുംകണ്ട് ബോധ്യപ്പെടാമെന്നും ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
സ്വര്‍ണപാളിയുടെ പണിയും വാതിലിന്റെ അറ്റകുറ്റപ്പണിയും ഒരുമിച്ച് തീര്‍ത്ത് കന്നിമാസ പൂജകള്‍ പൂര്‍ത്തിയാക്കി നട അടക്കുന്നതിന് മുമ്പ് ശുദ്ധികലശം നടത്താനായിരുന്നു ദേവസ്വം ബോര്‍ഡിന്റെ പദ്ധതി. എന്നാല്‍ വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ട് വിവാദമായ സാഹചര്യത്തില്‍ സ്വര്‍ണപാളിയുടെ പണി എന്ന് പൂര്‍ത്തിയാകും എന്നതില്‍ നിലവില്‍ വ്യക്തതയില്ല.














