
ജില്ലയിലെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീ ക്ലിനിക്കുകള്‍ (STHREE) ആരംഭിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്‌ട്രെങ്തനിങ് ഹെര്‍ ടു എംപവര്‍ എവരിവണ്‍ എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് സ്ത്രീകള്‍ക്കായി പ്രത്യേക ക്ലിനിക്കുകള്‍ ഒരുങ്ങിയത്.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ സ്ത്രീ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും. ആഴ്ചയില്‍ ഒരു ദിവസം പി എച്ച് സി, എഫ് എച്ച് സി തലത്തില്‍ പ്രത്യേക സെഷ്യാലിറ്റി ക്യാമ്പും സംഘടിപ്പിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ക്ലിനിക്കുകള്‍, അയല്‍ക്കൂട്ട സ്‌ക്രീനിംഗ് ക്യാമ്പുകള്‍, വിദഗ്ധ സ്പെഷ്യലിസ്റ്റ് സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് സ്ത്രീ ക്ലിനിക്കുകളില്‍ ഒരുക്കിയിരിക്കുന്നത്.
വിളര്‍ച്ച, പ്രമേഹം, രക്താതിമര്‍ദം, സ്തനാര്‍ബുദം, വായിലെ കാന്‍സര്‍ സ്‌ക്രീനിംഗ്, ക്ഷയം, തുടങ്ങിയവയും ശാരീരിക ആരോഗ്യ പരിശോധന, കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള പ്രതിരോധ കുത്തിവെപ്പ്, ഹീമോഗ്ലോബിന്‍ പരിശോധന, ആര്‍ത്തവ ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനും ഈ ക്ലിനിക്കുകളിലൂടെ സാധിക്കും.
അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ച് സ്ത്രീകള്‍ക്കായി പ്രത്യേക പരിശോധനകളും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വിദഗ്ധ പരിശോധനകളും ബോധവത്കരണവും ക്യാമ്പയിന്റെ ഭാഗമായി നടക്കും. സെപ്റ്റംബര്‍ 17 മുതല്‍ മാര്‍ച്ച് എട്ടു വരെയാണ് ക്യാമ്പയിന്‍ നടക്കുന്നത്. സ്ത്രീകള്‍ വെല്‍നസ് ക്ലിനിക്കുകളില്‍ എത്തി ആരോഗ്യ പരിശോധന നടത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പിയൂഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു.














