Hivision Channel

അമീബിക് മസ്തിഷ്‌കജ്വരം: കിണറുകളുടെ ക്ലോറിനേഷന്‍ ഒക്ടോബര്‍ പത്തിനകം പൂര്‍ത്തിയാക്കണം

അമീബിക് മസ്തിഷ്‌കജ്വരം ഉള്‍പ്പെടെ ജലജന്യരോഗങ്ങളെ പ്രതിരോധിക്കുന്നതിന്, ക്ലോറിനേഷന്‍ നടത്താത്ത ജില്ലയിലെ എല്ലാ സ്വകാര്യ, പൊതുകിണറുകളും ഒക്ടോബര്‍ 10നകം ക്ലോറിനേറ്റ് ചെയ്യാന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്നകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം. പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന നീന്തല്‍ക്കുളങ്ങളും വാട്ടര്‍തീം പാര്‍ക്കുകളും ക്ലോറിന്‍ അണുനാശിനികള്‍ ഉപയോഗിച്ച് ശുദ്ധീകരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ പരിശോധന നടത്തും. ഇവയിലെ ജലത്തിന്റെ ഗുണനിലവാര പരിശോധന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പ് വരുത്തണം. ഒക്ടോബര്‍ രണ്ട് മുതല്‍ ജില്ലയില്‍ ജല ശുചിത്വ വാരമായി ആചരിക്കും.

തോടുകളിലേക്കും പുഴകളിലേക്കും മലിന ജലം ഒഴുക്കുന്നത് തടയാന്‍ വിപുലമായ കര്‍മ്മ പരിപാടി തയ്യാറാക്കും. വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഓഫീസുകളിലെ വാട്ടര്‍ ടാങ്കുകള്‍ ശുചീകരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ വകുപ്പ് മേധാവികള്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

കിണറുകള്‍ ഉള്‍പ്പെടെ ക്ലോറിനേറ്റ് ചെയ്യുന്നതിന് കുടുംബശ്രീ അയല്‍ക്കൂട്ടം ആരോഗ്യ വളണ്ടിയര്‍മാര്‍, എ.ഡി.എസ്-സി.ഡി.എസ് ആരോഗ്യ വളണ്ടിയര്‍മാരുടെ ചുമതല ഉള്ളവര്‍ എന്നിവരെ നിയോഗിക്കും. ഇവര്‍ക്ക് ആരോഗ്യവകുപ്പ് പരിശീലനം നല്‍കും. തുടര്‍പ്രവര്‍ത്തനമായി മൂന്നുമാസം കൂടുമ്പോള്‍ കിണറുകളും ജലാശയങ്ങളും ഉള്‍പ്പെടെ ക്ലോറിനേറ്റ് ചെയ്യണം. കണ്ണൂര്‍ കോര്‍പറേഷന്‍, തളിപ്പറമ്പ് നഗരസഭ, ക്ലോറിനേഷന്‍ പ്രവര്‍ത്തനത്തില്‍ പിന്നില്‍ നില്‍ക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ക്ലീന്‍ സിറ്റി മാനേജര്‍, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ എന്നിവരുടെയും കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരുടെയും പ്രത്യേക യോഗം സെപ്റ്റംബര്‍ 19ന് രാവിലെ 10.30 ന് ഡി.പി.സി ഹാളില്‍ ചേരും.

വിദ്യാലയങ്ങളിലും കോളേജുകളിലും മസ്തിഷ്‌ക ജ്വരത്തെ കുറിച്ച് ബോധവത്കരണ പരിപാടി ഒക്ടോബര്‍ രണ്ടിന് സംഘടിപ്പിക്കണം.

അമീബിക് മസ്തിഷ്‌ക ജ്വരത്തിന് കാരണമായ അമീബ കൂടുതലായി കാണപ്പെടുന്നത് തോടുകളിലും കുളങ്ങളിലുമാണ്. ‘സ്വച്ഛ് ഉത്സവിന്റെ’ ഭാഗമായി ഒക്ടോബര്‍ രണ്ടിന് ജില്ലയിലെ എല്ലാ ജലാശയങ്ങളും ശുചീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.

ഡിപിസി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.ജെ.അരുണ്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ നെനോജ് മേപ്പടിയത്ത്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.സി.സച്ചിന്‍, ഹരിതകേരളം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ. സോമശേഖരന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *