Hivision Channel

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയും; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം. മഴയുടെ ശക്തി കുറയും.രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത ഉണ്ട് എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

6 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. അടുത്ത 5 ദിവസത്തേക്ക് മഴ തുടരും. കേരള തീരത്ത് മീന്‍ പിടുത്തത്തിന് വിലക്ക് തുടരുകയാണ്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. തെക്കന്‍ കര്‍ണാടകയ്ക്ക് മുകളിലും ന്യൂനമര്‍ദ്ദമുണ്ട്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദവും അടുത്ത മണിക്കൂറുകളില്‍ രൂപപ്പെട്ടേക്കും. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.

പൊതുജനങ്ങള്‍ക്കുള്ള ജാഗ്രത നിര്‍ദേശം

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ദുരന്തസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു എന്നുറപ്പാക്കേണ്ടതും പകല്‍ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *