
തുലാവര്‍ഷത്തില്‍ കേരളത്തിന് ചുഴലിക്കാറ്റ് ഭീഷണിയും. ബംഗാള്‍ ഉള്‍ക്കടലില്‍ പുതുതായി രൂപപ്പെട്ട ന്യൂന മര്‍ദ്ദമാണ് കേരളത്തിലെ മഴ സാഹചര്യത്തെ രൂക്ഷമാക്കുന്നത്. നാളെ (ഞായറാഴ്ച) യോടെ തീവ്ര ന്യൂനമര്‍ദമായും ശേഷം ബംഗാള്‍ ഉള്‍ക്കടലിന്റെ ഭാഗങ്ങളില്‍ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനും സാധ്യതയെന്നാണ് പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടാന്‍ പോകുന്ന ചുഴലിക്കാറ്റിന് തായ്ലന്‍ഡ് നിര്‍ദേശിച്ച പേര് ‘മോന്ത'(Mon-tha) എന്നാണ്. എന്നാല്‍ ഇന്നും നാളെയും സംസ്ഥാനത്ത് പൊതുവേ മഴയുടെ ശക്തി കുറയാനാണ് സാധ്യത. തിങ്കളാഴ്ചയോടെ സ്ഥിതി മാറിയേക്കുമെന്നാണ് വ്യക്തമാകുന്നത്. അതേസമയം ഇന്ന് സംസ്ഥാനത്ത് 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ടുള്ളത്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും.
അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദം
മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളിലായി തീവ്രന്യൂനമര്‍ദം ( Depression ) സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത മണിക്കൂറുകളില്‍ മധ്യ കിഴക്കന്‍ അറബിക്കടലിലൂടെ വടക്കുകിഴക്കന്‍ ദിശയില്‍ നീങ്ങാന്‍ സാധ്യത. മധ്യ കിഴക്കന്‍ അറബിക്കടലിനും അതിനോട് ചേര്‍ന്ന കര്‍ണാടക – വടക്കന്‍ കേരള തീരപ്രദേശങ്ങള്‍ക്കും മേല്‍ നിലനിന്നിരുന്ന ചക്രവാതച്ചുഴി അറബിക്കടല്‍ തീവ്ര ന്യൂനമര്‍ദവുമായി ചേര്‍ന്നു.
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം, ചുഴലിക്കാറ്റായി മാറാന്‍ സാധ്യത
തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിനോട് ചേര്‍ന്ന കിഴക്കന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെയും മുകളില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയില്‍ നീങ്ങി, ഇന്ന് തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിനോട് ചേര്‍ന്ന മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെയും ഭാഗങ്ങളില്‍ തീവ്രന്യൂനമര്‍ദമായി ശക്തിപ്രാപിക്കാനും, നാളെ (ഞായറാഴ്ച) തീവ്ര ന്യൂനമര്‍ദമായും, തുടര്‍ന്ന് ഒക്ടോബര്‍ 27 തിങ്കളാഴ്ച രാവിലെ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിനോട് ചേര്‍ന്ന പടിഞ്ഞാറന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെയും ഭാഗങ്ങളില്‍ ചുഴലിക്കാറ്റായി (Cyclonic Storm) ശക്തിപ്രാപിക്കാനും സാധ്യത.














