
വിവര സാങ്കേതിക മേഖലയില്‍ സംസ്ഥാനത്ത് 2031-നകം പത്തു ലക്ഷം തൊഴില്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ ഐ.ടി വിപണിയുടെ 10 ശതമാനം കേരളത്തിന്റേതാകണം. ഇതിനായി ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകളുടെ എണ്ണം 120ലെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിഷന്‍ 2031 ന്റെ ഭാഗമായി ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി വകുപ്പ് സംഘടിപ്പിച്ച റീകോഡ് കേരള 2025 ഐ.ടി സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
അടിസ്ഥാന സൗകര്യ വികസനം മുതല്‍ നൈപുണ്യ വികസനംവരെയുള്ള മേഖലകളില്‍ വേറിട്ട കാഴ്ച്ചപ്പാടോടെ ചര്‍ച്ച ചെയ്യണം. സംസ്ഥാനത്തെ ഐ.ടി സ്ഥലസൗകര്യം മൂന്ന് കോടി ചതുരശ്ര അടിയായി വര്‍ദ്ധിപ്പിക്കണം. ഐ.ടി. മേഖലയുടെ വികസനത്തിനായി ലാന്‍ഡ് പൂളിംഗ് മാതൃകയില്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഡാറ്റ സെന്ററുകള്‍, ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സൈറ്റുകള്‍, സാറ്റലൈറ്റ് ഐ.ടി പാര്‍ക്കുകള്‍ എന്നിവ സംസ്ഥാനത്ത് ഉണ്ടാകണം. ഊര്‍ജ വിനിയോഗം, നിര്‍മാണം തുടങ്ങിയ മേഖലകളില്‍ സുസ്ഥിര വികസന മാതൃകകള്‍ പിന്തുടരണം. ഐ.ടി. രംഗത്ത് നൈപുണ്യം സിദ്ധിച്ച 10 ലക്ഷം യുവാക്കളെ വാര്‍ത്തെടുക്കുക, അഞ്ച് ലക്ഷം ഉന്നത തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകളില്‍ രണ്ട് ലക്ഷം പേര്‍ക്ക് തൊഴില്‍ എന്നിവ സാധ്യമാകുന്ന വിധത്തില്‍, വ്യത്യസ്തങ്ങളായ സ്ഥാപനങ്ങള്‍ക്ക് രൂപം നല്‍കാനാകണം. കേരള ഫ്യൂച്ചര്‍ ടെക്‌നോളജി മിഷന്‍, കേരള സെമികോണ്‍ മിഷന്‍, കേരള എ.ഐ. മിഷന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് രൂപം നല്‍കണമെന്ന നിര്‍ദ്ദേശം പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സെമികണ്ടക്ടര്‍ മേഖലയിലെ മുന്നേറ്റങ്ങളുടെ ഗുണഫലങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഈ മേഖലയിലെ ഗവേഷണത്തിന് പ്രാധാന്യം നല്‍കണം. കൊച്ചിയിലെ മേക്കര്‍ വില്ലേജ്, രാജ്യത്ത് തന്നെ ഏറ്റവും വലിയ ഹാര്‍ഡ്വെയര്‍ ഇന്‍ക്യുബേറ്ററായി മാറി. വയനാട്, കണ്ണൂര്‍, പാലക്കാട്, ആലപ്പുഴ, തൃശൂര്‍, കോട്ടയം എന്നിവിടങ്ങളില്‍ പ്രാദേശിക ഇന്‍ക്യുബേഷന്‍, ഗവേഷണ വികസന കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി, മേക്കര്‍ വില്ലേജ് 2.0 പദ്ധതിക്ക് രൂപം നല്‍കും. നിര്‍മ്മിത ബുദ്ധി മേഖലയില്‍, സംസ്ഥാനത്തെ ആഗോള ശ്രദ്ധാ കേന്ദ്രമാക്കുന്നതിനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. തനത് സാങ്കേതിക വിദ്യകളും, നിര്‍മ്മിത ബുദ്ധിയും ഉപയോഗിച്ച് സര്‍ക്കാര്‍ സേവനങ്ങളും, ഭരണനിര്‍വഹണവും ജനങ്ങള്‍ക്ക് എങ്ങനെ കൂടുതല്‍ പ്രയോജന പ്രദമാക്കാമെന്നും ചര്‍ച്ച ചെയ്യണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.














