
കോഴിക്കോട് കക്കോടിയില്‍ വീടിന്റെ മതില്‍ ഇടിഞ്ഞു വീണ് അപകടം. അപകടത്തില്‍ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. നിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളി ഉദയന്‍ മാഞ്ചിയാണ് മരിച്ചത്. ഒഡീഷ സ്വദേശിയാണ്. ഒരു പ്രദേശവാസിക്ക് പരുക്കേറ്റു. സമീപത്തെ വീടിന്റെ മതില്‍ ഇടിഞ്ഞുവീണാണ് അപകടം.
അതിഥിത്തൊഴിലാളിയെ അഗ്‌നിരക്ഷാ സേന പുറത്തെടുത്തിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 10 മണിയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. കക്കോടിയിലെ ചെറുകുളം റോഡില്‍ മണ്ണാറയ്ക്കല്‍ പറമ്പില്‍ രാമനാഥന്‍ എന്നയാളിന്റെ വീട്ടില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയതായിരുന്നു തൊഴിലാളികള്‍. ഇവര്‍ ജോലി ചെയ്യുന്നതിനിടെ സമീപത്തെ വീട്ടിലെ കൂറ്റന്‍ മതില്‍ ഇടിയുകയും തൊഴിലാളികള്‍ കുടുങ്ങുകയുമായിരുന്നു.
മൂന്നു പേരുണ്ടായിരുന്നു. മതില്‍ ഇടിയുന്നത് ശ്രദ്ധയില്‍പ്പെട്ട് ഒരു അതിഥി തൊഴിലാളി ഓടി രക്ഷപ്പെട്ടു. മറ്റുള്ളവരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഉദയന്‍ ഇതിനടിയില്‍ പെട്ടുപോവുകയായിരുന്നു. തലയിലേക്ക് സ്ലാബ് വന്ന് പതിക്കുകയായിരുന്നു. പ്രദേശവാസി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അദേഹത്തിന്റെ ദേഹത്തേക്ക് പാറയാണ് വീണത്. അദേഹത്തിന്റെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.














