
നഗരത്തിലെ എസ്ര സ്ട്രീറ്റിൽ വൻ തീപിടിത്തം. മുന്നൂറോളം കടകൾ കത്തിനശിച്ചു. സമീപത്തെ കെട്ടിടങ്ങളിൽ താമസിച്ചിരുന്ന എല്ലാവരെയും ഒഴിപ്പിച്ചു.
23 ഫയർ എഞ്ചിനുകൾ സ്ഥലത്ത് തീയണക്കാൻ ശ്രമം തുടങ്ങി. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തില്ലെന്ന് കൊൽക്കത്ത സെൻട്രൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഇന്ദിരാ മുഖർജി പ്രതികരിച്ചു.
ഷോർട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് പോലീസ് കരുതുന്നു. എസ്ര സ്ട്രീറ്റിലെ ഇടുങ്ങിയ പാതയോരത്ത് അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന കടകളിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് പുലർച്ചെ ഒരു കടയിൽ നിന്ന് തീ മറ്റിടങ്ങളിലേക്ക് വളരെ വേഗം പടർന്നുപിടിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ആദ്യം ആറ് എഞ്ചിനുകൾ തീയണക്കാൻ ശ്രമിച്ചെങ്കിലും തീ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിച്ചു. തുടർന്ന് കൂടുതൽ ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിച്ചു.
കടകൾക്കുള്ളിൽ ധാരാളം കത്തുന്ന വസ്തുക്കൾ ഉണ്ടായിരുന്നുവെന്നും ഇത് തീ അതിവേഗം പടരാൻ കാരണമായെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഫയർ ആൻഡ് എമർജൻസി സർവീസസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.














