
പാലത്തായി പോക്‌സോ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അധ്യാപകന്‍ പത്മരാജനെ സേവനത്തില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ട് സ്‌കൂള്‍ മാനേജര്‍ ഉത്തരവ് പുറപ്പെടുവിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. പത്ത് വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും 1 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. പോക്‌സോ കുറ്റങ്ങളില്‍ 40 വര്‍ഷം തടവും 1 ലക്ഷം പിഴയും (20 വര്‍ഷം വീതം) ശിക്ഷ വിധിച്ചിട്ടുണ്ട്.
കേസില്‍ അഞ്ച് തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തില്‍ പോക്‌സോ വകുപ്പ് ചുമത്താത്തതും ഉള്‍പ്പെടെ, രാഷ്ട്രീയ വിവാദമായിരുന്നു. 376 എബി, ബലാത്സംഗം, പോക്‌സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. തലശ്ശേരി അതിവേഗ പോക്‌സോ കോടതിയുടെതാണ് ശിക്ഷാവിധി.














