
കണ്ണൂര്‍:വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്ന കണ്ണൂര്‍ ജില്ലയില്‍ 1025 പ്രശ്ന ബാധിത ബൂത്തുകളില്‍ അതീവ സുരക്ഷാക്രമീകരണങ്ങളും വെബ്കാസ്റ്റിംഗ് സംവിധാനങ്ങളും ഒരുക്കി. കൂടാതെ അധിക പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളിലെ വോട്ടെടുപ്പ് പ്രക്രിയ പൂര്‍ണ്ണമായും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും. ഇതോടൊപ്പം അതത് ജില്ലാ കളക്ടറേറ്റുകളില്‍ സജ്ജീകരിച്ചിട്ടുള്ള കണ്‍ട്രോള്‍ റൂമുകളിലും പ്രശ്നബാധിത ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയ ലൈവ് വെബ്കാസ്റ്റിങിലൂടെ നിരീക്ഷിക്കും. സിറ്റി പോലീസ് കമ്മീഷനര്‍മാരുടെയും ജില്ലാ പോലീസ് മേധാവികളുടെയും നേതൃത്വത്തിലാണ് ജില്ലകളില്‍ നിരീക്ഷണം നടത്തുന്നത്.
ബൂത്തുകളില്‍ എന്തെങ്കിലും അസാധാരണ നടപടി കണ്ടാല്‍ ഉടന്‍ തന്നെ കമ്മീഷന്‍ ഇടപെട്ട് നടപടി സ്വീകരിക്കും. ബൂത്തിനുളളില്‍ അതിക്രമിച്ചു കയറുകയോ, കൂട്ടംകൂടി നിന്ന് തിരഞ്ഞെടുപ്പിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉടന്‍ പോലീസിന് നിര്‍ദേശം നല്‍കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് രണ്ട് കണ്‍ട്രോള്‍ റൂമുകളാണ് പ്രവര്‍ത്തിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ക്ക് പുറമെ പോലീസ്, എക്സൈസ്, ബിഎസ്എന്‍എല്‍, ഐകെഎം, മോട്ടോര്‍വാഹനവകുപ്പ്, കെല്‍ട്രോണ്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമാണ് നിരീക്ഷണം നടത്തുന്നത്.














