
ഇരിട്ടി:മാലിന്യം നിക്ഷേപിക്കാന്‍ ഓലമെടഞ്ഞ വല്ലം. അലങ്കാരത്തിനായി വട്ടിയും മുറങ്ങളും വള്ളങ്ങളും കൂടാതെ പൂക്കളും മണ്‍ചട്ടികളും. വോട്ടര്‍മാര്‍ക്ക് വെള്ളം കുടിക്കാന്‍ മണ്‍കൂജയും മണ്‍ഗ്ലാസും. പുല്‍പായയില്‍ ‘ഹരിത ബൂത്ത്’ എന്ന് രേഖപ്പെടുത്തിയ ബോര്‍ഡ്. പോളിംഗ് സ്റ്റേഷനിലേക്കുള്ള പ്രവേശന കവാടം മുതല്‍ തന്നെ പയഞ്ചേരി എല്‍ പി സ്‌കൂളില്‍ ഹരിതസൗന്ദര്യം വോട്ടര്‍മാര്‍ക്ക് ആസ്വദിക്കാം. ഇരിട്ടി നഗരസഭയിലെ 11, 12 വാര്‍ഡുകള്‍ അടങ്ങിയ അത്തിതട്ടില്‍ ഒരുക്കിയ പോളിംഗ് ബൂത്തിലാണ് ഹരിതചട്ടം കര്‍ശനമായി പാലിച്ചുകൊണ്ടുള്ള മാതൃകാ ബൂത്തായി മാറിയത്.
ബൂത്തിന്റെ മുഴുവന്‍ ഒരുക്കങ്ങളിലും പ്ലാസ്റ്റിക് വസ്തുക്കള്‍ പൂര്‍ണമായി ഒഴിവാക്കി പ്രകൃതി സൗഹൃദ സാമഗ്രികളെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഈന്തോല, ഓല, പായ, പുല്‍പായ, പനയോല എന്നിവ ഉപയോഗിച്ചാണ് വഴിയും ചുറ്റുപാടും സജ്ജീകരിച്ചിരിക്കുന്നത്. ഹരിതചട്ടം പാലിച്ച് വോട്ട് രേഖപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശങ്ങളും ബൂത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഫ്ളക്സ് ബോര്‍ഡുകളും ബാനറുകളും ഉള്‍പ്പെടെ നിരോധിത സാമഗ്രികള്‍ ഒഴിവാക്കി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ ഹരിത മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് മുഴുവന്‍ ക്രമീകരണവും. ഇരിട്ടി നഗരസഭയുടെ ഹരിതകര്‍മസേനാ പ്രവര്‍ത്തകരാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരിക്കുന്നത്. സി രേഷ്മ, എ ഷിക എന്നിവരാണ് ബൂത്തിന്റെ ഹരിത പ്രവര്‍ത്തനത്തിന്റെ ചുമതലയിലുള്ളത്.














