
പുതിയ തൊഴിലുറപ്പ് നിയമത്തില്‍ അവബോധം ഉണ്ടാക്കാന്‍ പ്രത്യേക ഗ്രാമസഭകള്‍ ചേരാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം. കേന്ദ്ര ഗ്രാമവികസന സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു. ഈ മാസം 26-ന് മുമ്പ് പ്രത്യേക ഗ്രാമസഭ ചേരണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.
എല്ലാ ഫീല്‍ഡ് ലെവല്‍ പ്രവര്‍ത്തകര്‍ക്കും പഞ്ചായത്തിരാജ് സ്ഥാപനങ്ങള്‍ക്കും ആവശ്യമായ നിര്‍ദ്ദേശം നല്‍കണമെന്ന് കത്തില്‍ പറയുന്നു. തൊഴിലാളികള്‍, സ്ത്രീകള്‍, എസ്സി/എസ്ടി, ദുര്‍ബല വിഭാഗങ്ങള്‍ എന്നിവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണം.പഞ്ചായത്ത് നിര്‍ണ്ണയ് ആപ്പ് വഴി ടൈംസ്റ്റാമ്പ് ചെയ്ത ജിയോടാഗ് ചെയ്ത ഫോട്ടോഗ്രാഫുകളും വീഡിയോഗ്രാഫുകളും സഹിതം ഗ്രാമസഭാ വിശദാംശങ്ങള്‍ തത്സമയം അപ്ലോഡ് ചെയ്യാനും നിര്‍ദേശം.
കഴിഞ്ഞ ദിവസമാണ് തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി, കേന്ദ്രം കൊണ്ടുവന്ന വിബിജി റാം ജി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയത്. ഇതോടെ ബില്ല് നിയമമായി മാറി .കഴിഞ്ഞ ആഴ്ചയാണ് ബില്ല് പാര്‍ലമെന്റ് പാസാക്കിയത്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമായാണ് ബില്ല്.
ബില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷം സഭയില്‍ നിലപാടെടുത്തപ്പോള്‍ പ്രതിപക്ഷ നിലപാടുകളെ നിശിതമായി വിമര്‍ശിച്ചു കൊണ്ട് ശബ്ദ വോട്ടോകൂടിയാണ് വി ബി ജി റാം ജി (വികസിത് ഭാരത് -ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ബില്‍ പാര്‍ലമെന്റ് പാസ്സാക്കിയത്. മഹാത്മാഗാന്ധിയുടെ പേരിലുള്ള പഴയ ബില്‍ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചുള്ള പ്രതിപക്ഷ ഇറങ്ങിപ്പോക്കിനിടെയാണ്, രാജ്യസഭ ബില്ലിന് അംഗീകാരം നല്‍കിയത്.














