
പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് പൂനെയില്‍ വെച്ചായിരുന്നു അന്ത്യം.83 വയസായിരുന്നു. സംസ്‌കാരം വൈകിട്ട് നാലുമണിക്ക് പൂനെയില്‍ നടക്കും.പശ്ചിമഘട്ട സംരക്ഷണത്തിനായി പോരാടിയ ഗാഡ്ഗിലിനെ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.
ഗാഡ്ഗിലിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അധ്യായം പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ്ധ സമിതിയുടെ അധ്യക്ഷസ്ഥാനമായിരുന്നു. 2010-ലാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അദ്ദേഹത്തെ ഇതിനായി നിയോഗിച്ചത്. 2011-ല്‍ അദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ട് പശ്ചിമഘട്ടത്തെ പൂര്‍ണ്ണമായും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കാന്‍ ശുപാര്‍ശ ചെയ്തു.പരിസ്ഥിതി സംരക്ഷണം ഉദ്യോഗസ്ഥരില്‍ മാത്രം ഒതുങ്ങാതെ ഗ്രാമസഭകള്‍ വഴി ജനങ്ങളില്‍ എത്തണമെന്ന് അദ്ദേഹം വാദിച്ചു.നിലപാടുകള്‍ തന്റെ ശാസ്ത്രീയ നിഗമനങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന വ്യക്തിയാണ് ഗാഡ്ഗില്‍. ‘അതിരപ്പള്ളി പോലുള്ള പദ്ധതികള്‍ പ്രകൃതിക്ക് ദോഷകരമാണെന്ന്’ അദ്ദേഹം തുറന്നു പറഞ്ഞു. 2018-ലെയും 2019-ലെയും കേരളത്തിലെ പ്രളയകാലത്ത്, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അവഗണിച്ചതിന്റെ ഫലമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.
1942 മെയ് 24-ന് മഹാരാഷ്ട്രയിലെ പൂനെയില്‍ ജനിച്ച മാധവ് ഗാഡ്ഗില്‍ ചെറുപ്പം മുതലേ പ്രകൃതിയോടും ശാസ്ത്രത്തോടും താല്പര്യം കാണിച്ചിരുന്നു.
അച്ഛന്‍ ധനഞ്ജയ് രാമചന്ദ്ര ഗാഡ്ഗില്‍ അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനും ആസൂത്രണ കമ്മീഷന്‍ മുന്‍ ഉപാധ്യക്ഷനുമായിരുന്നു. പൂനെ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദവും മുംബൈ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയശേഷം ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ‘മാത്തമാറ്റിക്കല്‍ ഇക്കോളജി’യില്‍ പി.എച്ച്.ഡി കരസ്ഥമാക്കി. ഇന്ത്യയില്‍ തിരിച്ചെത്തിയ ഗാഡ്ഗില്‍ ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ അധ്യാപകനായി ചേര്‍ന്നു. അവിടെ അദ്ദേഹം സ്ഥാപിച്ച സെന്റര്‍ ഫോര്‍ ഇക്കോളജിക്കല്‍ സയന്‍സസ് ഇന്നും ഏഷ്യയിലെ ഏറ്റവും മികച്ച പരിസ്ഥിതി ഗവേഷണ കേന്ദ്രങ്ങളിലൊന്നാണ്. രാജ്യം പത്മശ്രീ, പത്മഭൂഷണ്‍ എന്നീ ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.














