Hivision Channel

കിണറുകളിലെ ഇന്ധന സാനിധ്യം; ടാങ്കുകളുടെ സമ്മര്‍ദ്ദ പരിശോധന നടപടികള്‍ തുടങ്ങി

കിണര്‍ വെള്ളത്തില്‍ ഇന്ധന സാന്നിധ്യമുണ്ടെന്ന പള്ളിക്കുന്ന് ജയ് ജവാന്‍ റോഡ് നിവാസികളുടെ പരാതിയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ നടത്തുന്ന പെട്രോള്‍ പമ്പിലെ ഇന്ധന ടാങ്കുകളുടെ സമ്മര്‍ദ്ദ പരിശോധനയുടെ പ്രാഥമിക നടപടികള്‍ക്ക് തുടക്കം. സമ്മര്‍ദ്ദ പരിശോധനയുടെ ആദ്യപടിയായി ടാങ്കുകളിലെ ഇന്ധനം നീക്കം ചെയ്യാനാരംഭിച്ചു. ഇന്ധനം പൂര്‍ണ്ണമായും നീക്കിയശേഷം ബുധനാഴ്ചയോടെ ടാങ്കുകളില്‍ വെള്ളം നിറച്ച് സമ്മര്‍ദ്ദ പരിശോധന നടത്തും. കെ.വി.സുമേഷ് എം.എല്‍.എയുടെ സാന്നിധ്യത്തിലാണ് പ്രവൃത്തിക്ക് തുടക്കമിട്ടത്.

20000 ലിറ്റര്‍ സംഭരണ ശേഷിയുള്ള മൂന്ന് ഇന്ധന ടാങ്കുകളാണ് പള്ളിക്കുന്ന് പെട്രോള്‍ പമ്പില്‍ ഉള്ളത്. ഇവയില്‍ ആദ്യത്തെ ടാങ്കില്‍ നിന്നുള്ള ഇന്ധനമാണ് നീക്കം ചെയ്യാനാരംഭിച്ചത്. ഈ ടാങ്കിന്റെ സമ്മര്‍ദ്ദ പരിശോധന പൂര്‍ത്തിയായ ശേഷം വരും ദിവസങ്ങളില്‍ ശേഷിക്കുന്ന രണ്ടു ടാങ്കുകളുടെയും സമ്മര്‍ദ്ദ പരിശോധന നടത്തും.

എഡിഎം കലാ ഭാസ്‌കറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ നടത്തുന്ന പമ്പിലെ മുഴുവന്‍ ടാങ്കുകളുടെ സമ്മര്‍ദ്ദ പരിശോധന ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് നിര്‍ദ്ദേശം നല്‍കിയിരുന്നു. കിണര്‍ വെള്ളത്തില്‍ ഇന്ധന സാന്നിധ്യമുണ്ടെന്ന ജയ് ജവാന്‍ റോഡ് നിവാസികളുടെ പരാതിയില്‍ കെ.വി സുമേഷ് എം എല്‍ എയുടെ സാന്നിധ്യത്തില്‍ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തിന്റെ തീരുമാന പ്രകാരമായിരുന്നു നടപടി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പള്ളിക്കുന്ന് ഡിവിഷന്‍ കൗണ്‍സിലര്‍ ദീപ്തി വിനോദ്, നാലാം ഡിവിഷന്‍ കൗണ്‍സിലര്‍ പി.മഹേഷ്, ജയില്‍ സൂപ്രണ്ട് കെ.വേണു, അസിസ്റ്റന്റ് സൂപ്രണ്ടുമാരായ പി.ടി.സന്തോഷ്, പ്രദീപ്കുമാര്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സെയില്‍സ് മാനേജര്‍ കെ.ഹസീബ്, റെസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി കെ.സി.ശ്രീജിത്ത് എന്നിവര്‍ സന്നിഹിതരായി.

Leave a Comment

Your email address will not be published. Required fields are marked *