
എസ്എന്‍ഡിപിയുമായുള്ള ഐക്യത്തില്‍ നിന്ന് പിന്മാറി എന്‍എസ്എസ്. പെരുന്നയില്‍ ചേര്‍ന്ന എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം ഐക്യനീക്കം തള്ളി. എന്‍എസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാനില്ല. അതിനാല്‍ വീണ്ടും ഒരു ഐക്യം പ്രായോഗികമല്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അറിയിച്ചു.
പല കാരണങ്ങളാലും പല തവണ എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം വിജയിക്കാത്ത സാഹചര്യത്തില്‍ വീണ്ടും ഒരു ഐക്യശ്രമം പരാജയമാകുമെന്ന കാര്യം ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുവെന്ന് സുകുമാരന്‍നായര്‍ പ്രസ്താവനയില്‍ അറിയിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമദൂരനിലപാട് ഉള്ളതിനാല്‍ ഐക്യം പ്രായോഗികമല്ലെന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി അറിയിക്കുന്നത്.
മറ്റെല്ലാ സമുദായങ്ങളോടും എന്നവണ്ണം എസ്എന്‍ഡിപിയോടും സൗഹാര്‍ദത്തില്‍ വര്‍ത്തിക്കാനാണ് എന്‍എസ്എസ് ആഗ്രഹിക്കുന്നതെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ഐക്യനീക്കവുമായി മുന്നോട്ടു പോകേണ്ടതില്ലെന്നാണ് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചിരിക്കുന്നതെന്ന് സുകുമാരന്‍ നായര്‍ അറിയിച്ചു.














