
കേരളത്തിലെ സർക്കാർ മേഖലയിലാദ്യമായി മോട്ടറൈസ്ഡ് ട്രാൻസ്‌കാതീറ്റർ ഏോർട്ടിക് വാൽവ് റിപ്ലേസ്മെന്റ് (Motorized TAVI) ശസ്ത്രക്രിയ കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ (GMC), വിജയകരമായി നിർവഹിച്ചു. TAVI സാങ്കേതികവിദ്യയിലെ നവീനവും ഭാവിമുഖമായതുമായ സുപ്രധാന മുന്നേറ്റമാണ് മോട്ടറൈസ്ഡ് TAVI.
കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജിലെ കാർഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഈ ചികിത്സ വിജയകരമായി പൂർത്തിയാക്കിയത്. കാർഡിയോളജി വിഭാഗം പ്രൊഫസറും വിഭാഗമേധാവിയുമായ ഡോ. ജയറാം വിയുടെ നേതൃത്വത്തിൽ ഡോ. സുധ, ഡോ. രാകേഷ് കെ, ഡോ. എസ്. ജി. ശ്യാം ലക്ഷ്മൺ എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നിർവഹിച്ചത്. ഈ നടപടിക്ക് ഡോ. മണിക് ചോപ്ര പ്രോക്ടറായി മാർഗനിർദ്ദേശം നൽകി.
ഈ സുപ്രധാന ചികിത്സ സാധ്യമാക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും നൽകിയ ആരോഗ്യവകുപ്പു മന്ത്രി വീണ ജോർജിനോടും, കേരള സർക്കാരിനോടും, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്റ്റർ ഡോക്ടർ വിശ്വനാഥനോടും കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജിലെ പ്രിൻസിപ്പൽ, സൂപ്രണ്ടന്റ്, മറ്റ് ആശുപത്രി ഭരണാധികാരികൾ എന്നിവരോടും കാർഡിയോളജി വിഭാഗം നന്ദി രേഖപ്പെടുത്തി
ശസ്ത്രക്രിയയുടെ വിജയകരമായ നടത്തിപ്പിന് മുഴുവൻ പിന്തുണയും നൽകിയ കാർഡിയാക് സർജറി വിഭാഗത്തിനും, കാർഡിയാക് അനസ്‌തീഷ്യ വിഭാഗത്തിനും പ്രത്യേക അഭിനന്ദനം അറിയിക്കുന്നു. പ്രത്യേകിച്ച് ഡോ. പ്രജീഷ്, ഡോ. റിജോയ്, ഡോ. ബിജു അബ്രഹാം എന്നിവർ നൽകിയ സേവനം അഭിനന്ദനാർഹമാണ്. ഇതോടൊപ്പം കാത്ത് ലാബ് ടീം, ടെക്‌നീഷ്യന്മാർ, നഴ്സിംഗ് സ്റ്റാഫ്, CCU സ്റ്റാഫ്, വാർഡ് സ്റ്റാഫ്, മറ്റ് പാരാമെഡിക്കൽ ജീവനക്കാർ എന്നിവരുടെ സമർപ്പിത പ്രവർത്തനവും പ്രശംസനീയമാണ്.
ഈ ശസ്ത്രക്രിയ കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ സ്വകാര്യ മേഖലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 30 ശതമാനം കുറഞ്ഞ ചെലവിൽ നിർവഹിക്കാൻ കഴിഞ്ഞത് പൊതുജനാരോഗ്യ മേഖലയിലെ ഒരു വലിയ നാഴികക്കല്ലാണ്. ഇതുവഴി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്കും അത്യാധുനിക ഹൃദ്രോഗ ചികിത്സ സർക്കാർ ആശുപത്രികളിലൂടെ ലഭ്യമാകുന്നു.
ഭാവിയിലും കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ കാർഡിയോളജി വിഭാഗത്തിൽ ഈ ചികിത്സ നിയമിതമായി ലഭ്യമാക്കുന്നതായിരിക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.














