Hivision Channel

സംസ്ഥാനത്ത് ദേശീയ പണിമുടക്ക് പൂര്‍ണം

രാജ്യത്തെ 10 കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂര്‍ണം. തൊഴില്‍ കോഡുകള്‍ അടക്കം കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ പിന്‍വലിക്കണം എന്ന ആവശ്യപ്പെട്ടുകൊണ്ടാണ് ബിഎംഎസ് ഒഴികെയുള്ള രാജ്യത്തെ തൊഴിലാളി സംഘടനകള്‍ സംയുക്തമായി പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തത്.

കര്‍ഷക -കര്‍ഷക തൊഴിലാളി സംഘടനകളും, ഇടതുപക്ഷം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും പൊതുപണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി ആയിരത്തോളം കേന്ദ്രങ്ങളില്‍ പ്രത്യേക പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന ജില്ല പ്രാദേശിക തലങ്ങളിലാകും പ്രതിഷേധങ്ങള്‍ നടക്കുക. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പൊതുപണിമുടക്കില്‍ പൂര്‍ണ്ണമായും സ്തംഭിക്കും എന്നാണ് കണക്കാക്കുന്നത്. അവശ്യസര്‍വീസുകളെ പൊതുപണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

എന്നാല്‍ പണിമുടക്കില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ ഡയ്‌സ് നോണ്‍ പ്രഖ്യാപിച്ചു. ജോലിക്ക് ഹാജരാകാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേതനം ലഭിക്കില്ല. പണിമുടക്ക് ദിവസം അവധിയും അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, മഹാത്മാ ഗാന്ധി തൊഴിലുറപ്പു പദ്ധതി പുനഃസ്ഥാപിക്കുക, കര്‍ഷകവിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, വൈദ്യുതി നിയമഭേദഗതി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. പണിമുടക്കില്‍ ബലപ്രയോഗമോ, അക്രമമോ അനുവദിക്കില്ലെന്ന് നേതാക്കള്‍ അറിയിച്ചു. ഐഎന്‍ടിയുസി കേരളത്തില്‍ പ്രത്യേകമായാണ് പണിമുടക്കുക.

Leave a Comment

Your email address will not be published. Required fields are marked *