
തിരുവനന്തപുരം വണ്ടിത്തടത്ത് സ്‌കൂളിലെ വാഹനം മറിഞ്ഞ് അപകടം. പൂവത്തൂര്‍ ഗവ എല്‍ പി സ്‌കൂളിലെ വാഹനമാണ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞത്. ഇന്ന് രാവിലെയാണ് വണ്ടിത്തടം പൂവത്തൂര്‍ റൂട്ടിലാണ് അപകടം ഉണ്ടായത്. അപകടം നടക്കുമ്പോള്‍ വാഹനത്തില്‍ മുപ്പതോളം കുട്ടികള്‍ ഉണ്ടായിരുന്നതായാണ് വിവരം. പരുക്കേറ്റവരെ കാരക്കോണം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
നാലു വയസ്സുകാരി മഞ്ചവിളാകം സ്വദേശി ജോനിതയുടെ പരുക്ക് ഗുരുതരമാണ്.
അപകടത്തില്‍ 21 ഓളം കുട്ടികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മുട്ടക്കാവ് എന്ന കനാലിലേക്കാണ് വാന്‍ മറിഞ്ഞത്. സ്‌കൂളിലേക് സ്ഥിരമായി ഉപയോഗിക്കുന്ന വാഹനമല്ല ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. വലിയ വാഹനങ്ങള്‍ കടന്നുവരാന്‍ ബുദ്ധിമുട്ടുള്ള ചെറിയ സ്ഥലമാണിത്. അത്തരത്തില്‍ വാന്‍ ഒതുക്കി നിര്‍ത്തുമ്പോള്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരുടെ ഇടപെടല്‍ മൂലമാണ് എത്രയും വേഗം തന്നെ രക്ഷാപ്രവര്‍ത്തനം നടത്താനായത്. വാഹനത്തിന്റെ ഫിറ്റ്‌നസ് അടക്കമുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിക്കും.














