
ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ വയറ്റിൽ കത്രിക(ആർട്ടെറി ഫോർസെപ്‌സ്) കുടുങ്ങിയത് വളരെ വളരെ ഒറ്റപ്പെട്ട സംഭവമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇങ്ങനെയൊരു സംഭവമുണ്ടാകാൻ പാടില്ലെന്നും ഒരുതരത്തിലുമുള്ള ഒറ്റപ്പെട്ട സംഭവവും ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലോടെ ഓരോ വകുപ്പുകളും മുന്നോട്ടുപോകണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വീഴ്ചയൊക്കെ സ്വാഭാവികമാണെന്നും അതുകൊണ്ടാണ് നടപടിയെടുക്കുന്നതെന്നും ഈ സംഭവം മാത്രം പർവതീകരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
”ഒരു ഓപ്പറേഷന് ഇങ്ങനെ ഉണ്ടായെന്ന് വെച്ച്, ലക്ഷക്കണക്കിന് ഓപ്പറേഷൻ നടന്നിട്ടുണ്ടല്ലോ, അതിനൊന്നും ഉണ്ടായിട്ടില്ലല്ലോ. അതൊന്നും കാണാതെ ഇത് മാത്രം പർവതീകരിക്കേണ്ട ആവശ്യമില്ല. തുടർച്ചയായി വീഴ്ചകളൊന്നും ഇല്ല. ഒന്നോ രണ്ടോ ഉണ്ടാകും. ലക്ഷക്കണക്കിന് ഓപ്പറേഷൻ നടക്കുന്ന സംസ്ഥാനമല്ലേ കേരളം. അതിൽ രണ്ടെണ്ണം ചൂണ്ടിക്കാട്ടി എല്ലാം തെറ്റാണെന്ന് പറയാൻ പറ്റുമോ. പക്ഷേ, അതാണ് മാധ്യമങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. മാധ്യമങ്ങൾക്ക് സർക്കാരിനെതിരേ വാർത്ത സൃഷ്ടിക്കണം.
വീഴ്ചയുണ്ടായത് കൊണ്ടാണല്ലോ ഡോക്ടറെ സസ്‌പെൻഡ് ചെയ്തത്. ഇത് വളരെ വളരെ ഒറ്റപ്പെട്ട സംഭവമാണ്. ഇങ്ങനെയുള്ള സംഭവമുണ്ടാകാൻ പാടില്ല. ഒരുതരത്തിലുള്ള ഒറ്റപ്പെട്ടസംഭവവും ഇനി ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലോടെ ഓരോ വകുപ്പുകളും മുന്നോട്ടുപോകണം. ആരോഗ്യമേഖല സെൻസിറ്റീവായ മേഖലയാണ്. അതിനാൽ വളരെ ശ്രദ്ധയോടെയാണ് ആരോഗ്യമേഖല പോകുന്നത്. എന്നാൽ, ഇങ്ങനെ അപൂർവമായ സംഭവങ്ങളുണ്ടാകാറുണ്ട്. അത് ഒഴിവാക്കാനുള്ള മുൻകരുതലോട് കൂടി മുന്നോട്ടുപോകുമെന്നാണ് സർക്കാരും മന്ത്രിയും തീരുമാനിച്ചത്”, എം.വി. ഗോവിന്ദൻ പറഞ്ഞു.
ഡോക്ടറെ സസ്‌പെൻഡ് ചെയ്താൽ ഡോക്ടർമാരുടെ സംഘടന പ്രതിഷേധിക്കുമെന്നും അത് ഉറപ്പായിട്ടും ഉണ്ടാകുമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു. യൂത്ത് കോൺഗ്രസ് മന്ത്രിയുടെ വീട്ടിൽ റീത്ത് വെച്ചതടക്കമുള്ള സംഭവങ്ങൾ യുഡിഎഫിന്റെ അറിവോടെയാണെന്നും കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
”പലസ്ഥലത്തും റീത്ത് വെയ്ക്കുന്നുണ്ടെങ്കിലും ഞങ്ങളാണ് റീത്ത് വെയ്ക്കുന്നതെന്ന് പരസ്യമായി പ്രഖ്യാപിച്ച് ആദ്യമായി റീത്ത് വെച്ചത് യൂത്ത് കോൺഗ്രസാണ്. യൂത്ത് കോൺഗ്രസുകാർക്ക് എന്തുംചെയ്യാനുള്ള അവകാശമുണ്ട് എന്നനിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അതിൽ ഞങ്ങൾ ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്. ഈ നില തുടർന്നാൽ സ്വാഭാവികമായും വരുന്നത് ഇതിന്റെ ഭാഗമായുള്ള പ്രതികരണം കൂടിയാകും. അപ്പോൾ അത് വലിയ സംഘർഷത്തിലേക്കാവും എത്തുക. സംഘർഷമുണ്ടാക്കാനാണ് യൂത്ത് കോൺഗ്രസും യുഡിഎഫും ശ്രമിക്കുന്നത്. കേരളം സമാധാനാന്തരീക്ഷത്തിൽ പോവുകയാണ്. അതിനെ തകർക്കാനുള്ള ഗൂഢാലോചന കൂടി ഇതിനുപിന്നിലുണ്ട്. ഇത് യുഡിഎഫ് അറിയാതെ നടക്കുന്നതല്ല. അവർ കൂടി അറിഞ്ഞുനടക്കുന്നതാണ്”, എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.














