
കെ കെ ശൈലജ ടീച്ചര്‍ അടുത്ത മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍. മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തീരുമാനിക്കുന്ന പതിവ് സിപിഎമ്മിനും എല്‍ഡിഎഫിനും ഇല്ലെന്നാണ് പിണറായിയുടെ പ്രതികരണം. മട്ടന്നൂരിന് പകരം ശൈലജയെ പേരാവൂരില്‍ മത്സരിപ്പിക്കാനുള്ള തീരുമാനത്തെ കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചു. കെ കെ ശൈലജ ടീച്ചറെ പേരാവൂരിലേക്ക് മത്സരിക്കാന്‍ അയച്ചത് ‘ഒതുക്കല്‍’ ആണെന്ന വിമര്‍ശനത്തെ പൂര്‍ണമായും നിഷേധിച്ചായിരുന്നു പിണറായിയുടെ മറുപടി.ഒന്നാം പിണറായി മന്ത്രിസഭയിലെ ഏറ്റവും കരുത്തുറ്റ സാന്നിധ്യമായിരുന്ന കെ.കെ. ശൈലജയെ രണ്ടാം മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയത് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച തീരുമാനമായിരുന്നു. കെ.കെ. ശൈലജയുടെ മാറ്റം ഒരു പ്രത്യേക വ്യക്തിയെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും, മറിച്ച് സി.പി.എം കാലങ്ങളായി പിന്തുടരുന്ന സംഘടനാപരമായ അച്ചടക്കത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ആഗോളതലത്തിൽ തന്നെ അംഗീകരിക്കപ്പെട്ട ഒരു ‘പെർഫോമറെ’ എന്തുകൊണ്ട് മാറ്റിനിർത്തി എന്ന ചോദ്യത്തിന്, വൈകാരികതയില്ലാത്തതും എന്നാൽ പാർട്ടി നയങ്ങളിൽ ഊന്നിയതുമായ കൃത്യമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
രണ്ട് തവണ എന്ന നിബന്ധനയും മണ്ഡലങ്ങളിലെ വിജയസാധ്യതയും
തുടർച്ചയായി രണ്ട് തവണ വിജയിച്ചവരെ മാറ്റുന്ന പാർട്ടിയുടെ പൊതുവായ നിലപാടാണ് കെ.കെ. ശൈലജയുടെ കാര്യത്തിലും ഉണ്ടായതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. സ്പീക്കർ എ.എൻ. ഷംസീറിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. ‘തലശ്ശേരി പോലൊരു മണ്ഡലത്തിൽ പുതിയൊരാളെ നിർത്തി വിജയിപ്പിക്കുക എന്നത് പാർട്ടിയെ സംബന്ധിച്ച് പ്രയാസമുള്ള കാര്യമല്ല. അങ്ങനെയുള്ള ഉറച്ച മണ്ഡലങ്ങളിൽ പുതിയ മുഖങ്ങളെ കൊണ്ടുവരാൻ പാർട്ടി എപ്പോഴും തയ്യാറാകും. എന്നാൽ ചില മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിയുടെ വ്യക്തിപരമായ സ്വാധീനം വിജയത്തിന് അത്യന്താപേക്ഷിതമാണെന്ന് വരുമ്പോൾ അവിടെ മാറ്റങ്ങൾ വരുത്താൻ പാർട്ടി മടിക്കാറുണ്ടെന്ന്,’ മുഖ്യമന്ത്രി പറഞ്ഞു.














