Hivision Channel

ഭിന്നശേഷി, മുതിര്‍ന്ന പൗരന്‍മാര്‍ക്ക് താമസസ്ഥലത്തു തന്നെ വോട്ടുചെയ്യാന്‍ അവസരം

ജില്ലയില്‍ ഭിന്നശേഷി വോട്ടര്‍മാര്‍ 22908; മുതിര്‍ന്ന പൗരന്മാര്‍ 18810.

2026 നിയമസഭ പൊതു തിരഞ്ഞെടുപ്പില്‍ 85 വയസില്‍ കൂടുതല്‍ പ്രായമുള്ള വോട്ടര്‍മാര്‍ക്കും ഭിന്നശേഷി വോട്ടര്‍മാര്‍ക്കും പോളിംഗ് ബൂത്തില്‍ എത്താതെ അവരുടെ താമസ സ്ഥലത്തു തന്നെ വോട്ടു ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഫോം 12 ഡി യിലൂടെ പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴി സമര്‍പ്പിക്കാവുന്നതാണ്. അര്‍ഹരാണെന്ന് കണ്ടെത്തുന്നവര്‍ക്ക് പോളിങ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം പോസ്റ്റല്‍ ബാലറ്റുകള്‍ അവരുടെ താമസസ്ഥലത്ത് എത്തിച്ചു നല്‍കും.

ജില്ലയിലെ 11 നിയമസഭ നിയോജക മണ്ഡലങ്ങളിലായി 85 വയസിനു മുകളില്‍ പ്രായമുള്ള
18810 വോട്ടര്‍മാരുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകളില്‍ ഉള്ളത്. പയ്യന്നൂര്‍-1649, കല്യാശ്ശേരി-1675, തളിപ്പറമ്പ്-1906, ഇരിക്കൂര്‍-2284, അഴീക്കോട്-1431, കണ്ണൂര്‍-1507, ധര്‍മ്മടം-1780, തലശ്ശേരി-1633, കൂത്തുപറമ്പ്-1433, മട്ടന്നൂര്‍-1791, പേരാവൂര്‍-1721എന്നിങ്ങനെയാണ് മുതിര്‍ന്ന പൗരന്മാരായ വോട്ടര്‍മാര്‍.

വിവിധ മണ്ഡലങ്ങളിലായി 22908 ഭിന്നശേഷി വോട്ടര്‍മാരുമുണ്ട്. പയ്യന്നൂര്‍-1930, കല്യാശ്ശേരി-1561, തളിപ്പറമ്പ്-2813, ഇരിക്കൂര്‍-2839, അഴീക്കോട്-1465, കണ്ണൂര്‍-1319, ധര്‍മ്മടം-2349, തലശ്ശേരി-2080, കൂത്തുപറമ്പ്-2222, മട്ടന്നൂര്‍-2366, പേരാവൂര്‍-1964എന്നിങ്ങനെയാണ് ഭിന്നശേഷി വോട്ടര്‍മാരുടെ എണ്ണം.

പോസ്റ്റല്‍ ബാലറ്റ് അനുവദിച്ചുകഴിഞ്ഞാല്‍ നിശ്ചിത ദിവസം പോളിംഗിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ അനുബന്ധം 12 പ്രകാരം പട്ടികയില്‍ ഉള്‍പ്പെട്ട വോട്ടറുടെ വീട്ടിലെത്തി തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് ഉറപ്പു വരുത്തും. തപാല്‍ വഴി വോട്ട് ചെയ്യുന്നതിന് പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് വോട്ടറെ ബോധ്യപ്പെട്ടുത്തുകയാണ് ആദ്യ പടി. രഹസ്യാത്മകത ഉറപ്പാക്കി സ്വതന്ത്രമായും സ്വാധീന രഹിതമായും വോട്ട് ചെയ്യാന്‍ അവസരം ഒരുക്കും. ഏതെങ്കിലും വോട്ടര്‍ക്ക് അന്ധതയോ ശാരീരിക ബലഹീനതയോ കാരണം സ്വന്തമായി വോട്ട് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ സഹായം സ്വീകരിക്കാവുന്നതാണ്. ഇങ്ങനെ സഹായം തേടുന്നവര്‍ സഹായി ഡിക്ലറേഷന്‍ നല്‍കണം.

രജിസ്റ്ററില്‍ വോട്ടറുടെ വിവരങ്ങള്‍ രേഖപ്പെടുത്തി ഒപ്പ് വാങ്ങിയശേഷം പോസ്റ്റല്‍ ബാലറ്റിന്റെ കൗണ്ടര്‍ ഫോയിലില്‍ വോട്ടറുടെ പാര്‍ട്ട് നമ്പറും ക്രമനമ്പറും രേഖപ്പെടുത്തി ബാലറ്റ് മുറിച്ച് വോട്ടര്‍ക്ക് നല്‍കും. വോട്ട് രേഖപ്പെടുത്തിയ പോസ്റ്റല്‍ ബാലറ്റ് ചെറിയ കവറില്‍ ഇട്ട് സീല്‍ ചെയ്ത് പോളിംഗ് ഓഫീസര്‍ക്ക് കൈമാറും. പോള്‍ ചെയ്ത് പോസ്റ്റല്‍ ബാലറ്റുകള്‍ വരണാധികാരിക്ക് എത്തിച്ചു നല്‍കും. പോസ്റ്റല്‍ ബാലറ്റ് സംബന്ധിച്ച എല്ലാ വിവരങ്ങളും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യര്‍ ഫോര്‍ അബ്സെന്റീ വോട്ടേഴ്സ് ആന്‍ഡ് സീനിയര്‍ സിറ്റിസണ്‍സ് ആന്‍ഡ് പേഴ്‌സണ്‍ വിത്ത് ഡിസബിലിറ്റി വഴിയാണ് ഇത് പ്രാവര്‍ത്തികമാക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *