Hivision Channel

കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്;കണ്ണൂര്‍ തിരഞ്ഞെടുപ്പിന് സജ്ജം

-ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് പോലീസിനെ 9497927740, 9497935648 നമ്പറുകളില്‍ ബന്ധപ്പെടാം

ഏപ്രില്‍ 9ന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനായി ജില്ല പൂര്‍ണ സജ്ജമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ അരുണ്‍ കെ വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്. സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് ഉറപ്പാക്കാന്‍ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായി. ജില്ലയില്‍ 11,24,959 സ്ത്രീകളും 10,52,014 പുരുഷന്മാരും 11 ട്രാന്‍സ്ജന്‍ഡറും ഉള്‍പ്പെടെ 21,76,084 വോട്ടര്‍മാരാണുള്ളത്.

വോട്ടെടുപ്പിനായി 2,183 പോളിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചു. ഓരോ മണ്ഡലത്തിലും ഓരോ മാതൃക പോളിംഗ് സ്റ്റേഷനുകളും ആകെ 15 പിങ്ക് പോളിംഗ് സ്റ്റേഷനുകളും ഒരുക്കിയിട്ടുണ്ട്.

വോട്ടെടുപ്പ് സമാധാനപരമായി നടക്കാന്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും കേന്ദ്രസേന ഉള്‍പ്പെടെ വിവിധ റാങ്കുകളിലുള്ള 6000 ത്തോളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായും സിറ്റി പോലീസ് കമ്മീഷണര്‍ പി നിധിന്‍ രാജും കണ്ണൂര്‍ റൂറല്‍ എസ്പി അനൂജ് പലിവാലും അറിയിച്ചു. സിറ്റി പരിധിയില്‍ കേന്ദ്രസേനയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പോലീസുമുള്‍പ്പെടെ 20 കമ്പനി സേനയില്‍ 1500 പേരുണ്ട്. ഇതിന് പുറമെ 1300 സ്‌പെഷ്യല്‍ പോലീസുമുണ്ട്.
771 പ്രശ്‌നസാധ്യത ബൂത്തുകളില്‍ പ്രത്യേക സുരക്ഷയും 493 മൈക്രോ ഒബ്‌സര്‍വര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തി വോട്ടര്‍മാര്‍ ബൂത്തിലേക്ക് പ്രവേശിക്കുന്നത് മുതല്‍ പുറത്തുവരുന്നതുവരെയുള്ള മുഴുവന്‍ നടപടികളും സി.സി.ടി.വി മുഖേന ജില്ലാതലത്തിലും മണ്ഡലതലത്തിലുമുള്ള കണ്‍ട്രോള്‍ റൂമുകളില്‍ നിന്ന് നിരീക്ഷിക്കും.

പോളിംഗ് ഡ്യൂട്ടിക്കായി 10,488 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. ഇവരെ ബൂത്തുകളില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പുറമെ സ്വകാര്യ വാഹനങ്ങളും വിന്യസിക്കും.

ഹോം വോട്ടിംഗ്, അവശ്യ സര്‍വീസ്:

ഹോം വോട്ടിങ്ങില്‍ 97% പേര്‍ (18,756 പേര്‍), അവശ്യ സര്‍വീസ് വിഭാഗത്തില്‍ 96.69% പേര്‍ (3,624 പേര്‍) എന്നിവര്‍ ജില്ലയില്‍ വോട്ട് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് ഡ്യൂട്ടി ജീവനക്കാരില്‍ 20.77% പേര്‍ ഇതിനകം വോട്ട് ചെയ്തു.

മാതൃക പെരുമാറ്റച്ചട്ടം

മാതൃക പെരുമാറ്റച്ചട്ടം ജില്ലയില്‍ കര്‍ശനമായി നടപ്പിലാക്കിവരികയാണ്. 25 എം.സി.സി സ്‌ക്വാഡുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇതിനകം 42,659 അനധികൃത പ്രചാരണ വസ്തുക്കള്‍ നീക്കം ചെയ്തിട്ടുണ്ട്.

നിരോധനാജ്ഞ

ഏപ്രില്‍ 7 വൈകുന്നേരം 6 മുതല്‍ 48 മണിക്കൂര്‍ നിശബ്ദ പ്രചാരണം നിലവില്‍ വരും. അതോടൊപ്പം ജില്ലയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 7 വൈകുന്നേരം മുതല്‍ ഏപ്രില്‍ 9 വൈകുന്നേരം വരെ സമ്പൂര്‍ണ മദ്യനിരോധനവും നിലവിലുണ്ട്.

വോട്ടെടുപ്പിന് ശേഷം വോട്ടിംഗ് യന്ത്രങ്ങള്‍ ശക്തമായ സുരക്ഷയില്‍ സൂക്ഷിക്കുകയും ചാല ചിന്‍ടെക്, തളിപ്പറമ്പ് സര്‍ സയ്യിദ് എച്ച്.എസ്.എസ്, ഗവ. ബ്രണ്ണന്‍ കോളേജ് തലശ്ശേരി എന്നീ മൂന്ന് കേന്ദ്രങ്ങളിലെ സ്‌ട്രോങ്ങ് റൂമികളിലേക്ക് മാറ്റുകയും ചെയ്യും.

Leave a Comment

Your email address will not be published. Required fields are marked *