
നിയമസഭ കയ്യാങ്കളി കേസില്‍ വിചാരണ നവംബര്‍ മൂന്നിന് ആരംഭിക്കും. 7 വര്‍ഷത്തിന് ശേഷമാണ് കേസില്‍ തിരുവനന്തപുരം സിജെഎം കോടതില്‍ വിചാരണ നടക്കുന്നത്. സിപിഐഎം നേതാക്കളായ വി.ശിവന്‍കുട്ടിയും ഇ.പി ജയരാജനും ഉള്‍പ്പടെയുള്ളവരാണ് പ്രതികള്‍. കെ ടി ജലീല്‍, കെ അജിത്, സി കെ സദാശിവന്‍, കെ കുഞ്ഞുമുഹമ്മദ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവര്‍. 2015 മാര്‍ച്ച് 13ന് കെ എം മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്.
കെ എം മാണി ധനമന്ത്രിയായിരിക്കെ ബജറ്റ് അവതരണ വേളയില്‍ നിയമസഭ തടസ്സപ്പെടുത്തി പൊതുമുതല്‍ നശിപ്പിച്ചു എന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരായ കേസ്. ബാര്‍ കോഴ അഴിമതിയില്‍ കെ.എം മാണിക്ക് പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. സംഘര്‍ഷത്തിനിടെ നിയമസഭയിലുണ്ടായ നാശ നഷ്ടം ചൂണ്ടിക്കാട്ടിയാണ് പോലീസ് കേസെടുത്തിരുന്നത്. സ്പീക്കറുടെ ഡയസില്‍ കയറി കസേര മറിച്ചിടുകയും ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ നിയമസഭാ സെക്രട്ടറിയുടെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നത്.














