Hivision Channel

ക്ഷയരോഗ മുക്ത ഭാരതം; ജില്ലയില്‍ സജ്ജമായി ജോഷ് ടീം

ടിബി മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി ക്ഷയരോഗ മുക്ത നാടിനായി ജില്ലയില്‍ ജോയിന്റ് സ്‌ക്വാഡ് ഫോര്‍ ഹെല്‍ത്ത് -ജോഷ് ടീം സജ്ജമായി. ക്ഷയരോഗ ലക്ഷണങ്ങള്‍ കണ്ടെത്തല്‍, നേരത്തെയുളള പരിശോധന, ചികിത്സ, പോഷണം, പ്രതിരോധം തുടങ്ങിയ വിഷയങ്ങളില്‍ സമൂഹത്തില്‍ ബോധവത്കരണം നടത്തുകയും ക്ഷയരോഗത്തെ ചെറുക്കുകയും ചെയ്യുകയെന്നതാണ് ജോഷ് ടീമിന്റെ ലക്ഷ്യം.

ഗാര്‍ഹിക സന്ദര്‍ശനം, രോഗവ്യാപനം തടയാനുള്ള സാമൂഹിക ഇടപെടല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ യുവജനപങ്കാളിത്തമുള്ള ജോഷ് ടീം സജീവമാകും. കളക്ട്രേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാതല ജോഷ് ടീം പ്രഖ്യാപനം അഡ്വ. സജീവ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഒരു കാലഘട്ടത്തിന്റെ ഭീതിയായിരുന്നു ക്ഷയരോഗമെന്നും ആരോഗ്യ സംവിധാനത്തിന്റെ ഫലപ്രദമായ ഇടപെടലിലൂടെ വലിയൊരു അളവ് വരെ അത് ഇല്ലാതാക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. രോഗം പൂര്‍ണ്ണമയും സമൂഹത്തില്‍ നിന്നും തുടച്ചുമാറ്റുന്നതിനുള്ള വലിയ മുന്നേറ്റം നടന്നുവരികയാണ്. ജോഷ് ടീം സജ്ജമാകുന്നതോടെ ക്ഷയരോഗ മുക്ത നാട് എന്ന ലക്ഷ്യം അകലെയാവില്ല. ഇതിന് കൂട്ടായ പരിശ്രമങ്ങള്‍ അനിവാര്യമാണെന്നും സജീവ് ജോസഫ് എം.എല്‍.എ പറഞ്ഞു. ജോഷ് ടീം പോസ്റ്റര്‍ പ്രകാശനവും ഫ്ളാഗ് ഓഫും വളണ്ടിയര്‍മാര്‍ക്കുള്ള ബാഡ്ജ്, ക്യാപ് കൈമാറ്റവും ചടങ്ങില്‍ നടന്നു.

ജില്ലയില്‍ ക്ഷയരോഗ മുക്തമായ വളപട്ടണം, പാപ്പിനശ്ശേരി, ചെറുകുന്ന്, രാമന്തളി, കുഞ്ഞിമംഗലം, മാട്ടൂല്‍, എരുവേശ്ശി, മലപ്പട്ടം, ഉദയഗിരി ഗ്രാമപഞ്ചായത്തുകളെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കളക്ടര്‍ എസ്.സ്വാതി വിഷയാവതരണം നടത്തി. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി.അബൂബക്കര്‍ ക്ഷയരോഗ മുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ പി.എം. ധനീഷ്, മേരാ യുവ ഭാരത് കണ്ണൂര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച്. സച്ചിന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ബി.സന്തോഷ്, ജില്ലാ ടി.ബി ഓഫീസര്‍ ഡോ.രശ്മി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ടി.ബി സെന്റര്‍ കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റ് ഡോ. രജ്ന ശ്രീധരന്‍ ടി.ബി. ബോധവത്കരണ ക്ലാസ്സെടുത്തു. ജനപ്രതിനിധികള്‍, എന്‍.സി.സി, എന്‍.എസ്.എസ് പ്രവര്‍ത്തകര്‍, വിവിധ സന്നദ്ധ സേനാ വിഭാഗങ്ങള്‍ , ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രതിരോധിക്കാം ക്ഷയരോഗത്തെ; ജോഷ് ടീം വീടുകളിലെത്തും

ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിന് ജനപങ്കാളിത്ത അധിഷ്ഠിത ദേശീയ ക്യാമ്പയിനിന്റെ ഭാഗമായുള്ള ജോഷ് ടീം വീടുകളിലെത്തും. വിദ്യാര്‍ത്ഥികളും യുവജനങ്ങളും സന്നദ്ധ പ്രവര്‍ത്തകരും അണിനരിക്കുന്ന ജോഷ് ടീമിന്റെ നേതൃത്വത്തില്‍ നാടൊന്നാകെയുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുക. രോഗ ലക്ഷണമുള്ളവരെ കണ്ടെത്തുകയും യഥാസമയം ചികിത്സ ലഭ്യമാക്കുകയും ചെയ്യുക, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക, സാൂഹിക പിന്തുണ, അധിക പരിചരണം എന്നിവ ലഭ്യമാക്കുക തുടങ്ങിയവയാണ് വളണ്ടിയര്‍മാരുടെ ഉത്തരവാദിത്തം. ക്ഷയരോഗ ബാധിതരായവരുടെ പോഷകാരോഗ്യ സംരക്ഷണം, നിരീക്ഷണം തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായി ഉറപ്പാക്കും.

ത്രിതല പഞ്ചായത്ത് സംവിധാനത്തിനു കീഴിലാണ് ജോഷ് വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുക. ബ്ലോക്ക്തല നോഡല്‍ ഓഫീസര്‍മാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജോഷ് ടീം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും വ്യാപിപ്പിക്കുകയും ചെയ്യും. രോഗ നിര്‍മ്മാര്‍ജ്ജനത്തിനായി സജീവമായി പ്രവര്‍ത്തിക്കുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് അവാര്‍ഡുകള്‍ നല്‍കും.

ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 1430 ക്ഷയരോഗികള്‍

ജില്ലാ ടി.ബി സെന്ററിന്റെ കണക്ക് പ്രകാരം 2025ല്‍ കണ്ണൂര്‍ ജില്ലയില്‍ 1430 ക്ഷയരോഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 147 രോഗികള്‍ മരണപ്പെട്ടു. ഈ വര്‍ഷം ആഗസ്റ്റ് 30 വരെയുള്ള കണക്കുകളില്‍ 840 രോഗികളാണ് ക്ഷയരോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഈ വര്‍ഷം 64 രോഗികള്‍ മരണപ്പെട്ടു. പലപ്പോഴും രോഗ ലക്ഷണങ്ങളെ അവഗണിക്കുന്നതാണ് ചികിത്സയെ സങ്കീര്‍ണ്ണമാക്കുന്നതെന്ന് ജില്ലാ ടി.ബി ഓഫീസര്‍ ഡോ.രശ്മി മാത്യു പറഞ്ഞു. ശരിയായ ചികിത്സയിലൂടെയും പരിചരണത്തിലൂടെയും രോഗം പൂര്‍ണ്ണമായും ഭേദമാക്കാന്‍ കഴിയും. രോഗ ലക്ഷണങ്ങള്‍ മാറിയാലും ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിച്ച് നിശ്ചിത കാലത്തേക്ക് മരുന്ന് കഴിക്കുന്നത് തുടരണം. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി ലഭ്യമാകുന്ന ഡോട്സ് ചികിത്സാ രീതികള്‍ പിന്തുടകയും പ്രധാനമാണ്. പാല്‍, മുട്ട, പയറുവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ പോഷകാഹാരങ്ങളും മുടങ്ങാതെ കഴിക്കണം. ശരിയായ ജീവിതത്തിലേക്കുള്ള തിരിച്ചുവരിവിന് ഇതെല്ലാം ആവശ്യമാണെന്നും ഡോക്ടര്‍ അറിയിച്ചു.

രോഗ നിര്‍ണ്ണയത്തിന് എ.ഐ ടൂള്‍; ജില്ലയില്‍ നാലിടത്ത് സംവിധാനം

ക്ഷയരോഗ നിര്‍ണ്ണയം വേഗത്തിലാക്കുന്നതിന് ജില്ലയില്‍ ആധുനിക സംവിധാനങ്ങളും ലഭ്യമാണ്. എ.ഐ ടൂള്‍ സംവിധാനമുള്ള ഹാന്‍ഡ് ഹെല്‍ഡ് എക്സറേയാണ് ഇതില്‍ പ്രധാനപ്പെട്ടത്. എവിടേക്ക് വേണമെങ്കിലും കൊണ്ടുപാകാനും എളുപ്പത്തിലും കൂടുതല്‍ വ്യക്തതയോടെയും എക്സ് റേ എടുക്കാനും ഈ ഉപകരണം സഹായകമാണ്. പള്ളിക്കുന്ന് ജില്ലാ ടി.ബി സെന്റര്‍, തലശ്ശേരി ജനറല്‍ ആശുപത്രി, പയ്യന്നൂര്‍ താലൂക്ക് ആശുപത്രി, പേരാവൂര്‍ താലൂക്ക് ആശുപത്രി എന്നീ കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഈ സംവിധാനം ലഭ്യമായിട്ടുള്ളത്. രോഗ നിര്‍ണ്ണയും ഏറ്റവും വേഗത്തില്‍ നടത്തി ചികിത്സ തുടങ്ങാനും മറ്റും ഇതുവഴി കഴിയും. ഇതുകൂടാതെ രോഗ നിര്‍ണ്ണയം നടത്തുന്നതിന് ജില്ലയില്‍ പത്ത് മോളിക്യുലാര്‍ പരിശോധന കേന്ദ്രങ്ങളും സജ്ജമാണ്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സ്റ്റെപ്സ് പദവിയിലുള്ള 31 സ്വകാര്യ ആശുപത്രികളിലും ക്ഷയരോഗത്തിനുള്ള മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *