Hivision Channel

ഗ്യാനേഷ് കുമാറിനെതിരായ അഴിമതി ആരോപണം; അന്വേഷണ നടപടികള്‍ വേഗത്തിലാക്കി ആഭ്യന്തര വകുപ്പ്

സംസ്ഥാനത്ത് പൊതുമരാമത്തു സെക്രട്ടറി ആയിരുന്ന കാലത്ത് ഗ്യാനേഷ് കുമാര്‍ അഴിമതി നടത്തിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണ നടപടികള്‍ വേഗത്തിലാക്കി ആഭ്യന്തര വകുപ്പ്. കെഎസ്ടിപി പദ്ധതിയുമായി ബന്ധപ്പെട്ടു 2006ല്‍ നടന്ന വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന്റെ വിവരങ്ങള്‍ ശേഖരിച്ചാണ് പുനരന്വേഷണം തുടങ്ങിയത്. മലേഷ്യന്‍ കമ്പനിയുടെ പ്രോജെക്റ്റ് എഞ്ചിനീയറുടെ ആത്മഹത്യ കേന്ദ്രീകരിച്ചാണ് പുതിയ വിജിലന്‍സ് അന്വേഷണം.

കെ എസ് ടി പി പദ്ധതിയിലെ ക്രമക്കേട്, ഉദ്യോഗസ്ഥ തലത്തിലെ ഇടപെടല്‍, മലേഷ്യന്‍ കമ്പനിയിലെ എഞ്ചിനീയര്‍ ലീ സീ ബീനിന്റെ ആത്മഹത്യയില്‍ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറിന്റെ പങ്ക് തുടങ്ങിയ കാര്യങ്ങളാവും അന്വേഷിക്കുക.ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്നാണ് 13 കോടിയോളം രൂപ തടഞ്ഞുവച്ചത് എന്നായിരുന്നു ആരോപണം. തുക ലഭിക്കാത്തതിനെത്തുടര്‍ന്നായിരുന്നു ലീ സീ ബീന്‍ ആത്മഹത്യ ചെയ്തത്. അന്ന് പ്രാഥമിക അന്വേഷണം നടത്തിയിരുന്നെങ്കിലും കാര്യമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല. അന്വേഷണം അട്ടിമറിക്കപ്പെട്ടതാണെന്ന ആരോപണവും ഉയരുന്നുണ്ട്. 20 വര്‍ഷം മുമ്പ് നടന്ന അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ വിജിലന്‍സ് ശേഖരിച്ചിരുന്നു.

അതിനിടെമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രമുഖ അഭിനേതാവും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പ്രകാശ് രാജ് ഇന്നു തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണും. ഗ്യാനേഷ് കുമാറിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച തെളിവ് ഉള്‍പ്പടെ വാര്‍ത്ത സമ്മേളനത്തില്‍ പങ്ക് വെയ്ക്കുമെന്നാണ് വിവരം. ഗ്യാനേഷ് കുമാറിനെതിരെ സമരം പ്രഖ്യാപിച്ച സിജെപിക്ക് പിന്തുണയുമായി പ്രകാശ് രാജ് നേരത്തെ തന്നെ നിലപാട് പ്രഖ്യാപിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *