Hivision Channel

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം മുഖ്യപ്രതി സുഹൈലുമായി പൊലീസ് തെളിവെടുപ്പ് നടത്തി

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തിലെ മുഖ്യപ്രതി സുഹൈലുമായി പൊലീസ് തെളിവെടുപ്പ് നടത്തി. അപകടം ഉണ്ടായ എയര്‍പോര്‍ട്ട് റോഡിലും മദ്യപിച്ച ബാറുകളിലുമാണ് പ്രതിയെ എത്തിച്ചത്. ഇന്ന് വൈകിട്ട് അഞ്ചുമണി വരെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

കേസിലെ മുഖ്യപ്രതി സുഹൈലിനെ മാത്രമാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. ആദ്യം മൂന്ന് ജീവനുകള്‍ ഇടിച്ചുതെറിപ്പിച്ച എയര്‍പോര്‍ട്ട് റോഡിലേക്കാണ് കൊണ്ടുപോയത്. എന്നാല്‍ അപകടമുണ്ടായ സ്ഥലത്ത് സുഹൈലിനെ വാഹനത്തില്‍ നിന്ന് ഇറക്കിയില്ല. അപകടമുണ്ടായ സ്ഥലവും, പിന്നീട് വാഹനം നിര്‍ത്തിയ സ്ഥലവും സുഹൈല്‍ അന്വേഷണ സംഘത്തിന് ചൂണ്ടിക്കാണിച്ചു കൊടുത്തു. ആളുകള്‍ കൂടിയതോടെ ക്രമസമാധാന പ്രശ്‌നം ഉണ്ടായേക്കാം എന്ന് കണക്കാക്കിയാണ് പ്രതിയെ പുറത്തിറക്കാതിരുന്നത്. അതിവേഗം തെളിവെടുപ്പ് പൂര്‍ത്തിയാക്കി പിന്നീട് നെടുമ്പാശ്ശേരിയിലെ ബാറിലേക്ക് കൊണ്ടുപോയി. പ്രതികള്‍ അപകടത്തിന് മുമ്പ് അവസാനമായി മദ്യപിച്ചത് ഈ ബാറില്‍ വെച്ചായിരുന്നു. ബാറിലെ തെളിവെടുപ്പ് ഏറെനേരം തുടര്‍ന്നു. മറ്റ് ബാറുകളിലും തെളിവെടുപ്പ് നടത്തും.

പ്രായ പരിധി തികയാത്ത സുഹൈലിനും സുഹൃത്തുക്കള്‍ക്കും മദ്യം നല്‍കിയതില്‍ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇന്ന് വൈകിട്ട് 5 മണി വരെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. അതിനുമുമ്പ് പരമാവധി വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍.

Leave a Comment

Your email address will not be published. Required fields are marked *