
ഹിന്ദുമതത്തില് നിന്ന് ഇസ്ലാം മതത്തിലേക്ക് പരിവര്ത്തനം ചെയ്ത വ്യക്തിക്ക് മതം മാറിയെന്ന കാരണത്തില് മാത്രം പിന്നോക്ക വിഭാഗക്കാര്ക്കുള്ള സംവരണ ആനുകൂല്യങ്ങള്ക്ക് അര്ഹതയുണ്ടാവില്ലെന്ന് സുപ്രീം കോടതി. തമിഴ്നാട് സര്ക്കാരും സ്വകാര്യ വ്യക്തിയും നല്കിയ ഹര്ജികള് തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. മുന്പ് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീം കോടതി പൂര്ണ്ണമായും ശരിവെച്ചു.
മതപരിവര്ത്തനം നടത്തുന്നതിലൂടെ ഒരു വ്യക്തിയുടെ മുന്കാല സാമൂഹികമോ സാമ്പത്തികമോ ആയ പിന്നാക്കാവസ്ഥ സ്വഭാവികമായി പുതിയ മതത്തിലെ പിന്നാക്ക വിഭാഗത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടില്ലെന്ന് കോടതി നിരീക്ഷിച്ചു. നിയമപരമായ അടിസ്ഥാനമില്ലാതെ, കേവലം മതം മാറ്റത്തിന്റെ മാത്രം പേരില് ഒരു വിഭാഗത്തിന് സംവരണം നല്കുന്നത് സമൂഹത്തില് ഭിന്നതയ്ക്ക് കാരണമാകുമെന്നും കോടതി വ്യക്തമാക്കി. 2015-ല് ഹിന്ദുമതത്തില് നിന്ന് ഇസ്ലാമിലേക്ക് മാറുകയും 2016-ല് ഗസറ്റ് വിജ്ഞാപനം വഴി സമീര് അഹമ്മദ് എന്ന് പേര് മാറ്റുകയും ചെയ്ത വ്യക്തിക്ക് തമിഴ്നാട് സര്ക്കാര് സംവരണ ആനുകൂല്യം നല്കിയ ഉത്തരവ് ചോദ്യം ചെയ്തുള്ളതായിരുന്നു ഹര്ജി. ഇതില് മദ്രാസ് ഹൈക്കോടതി ഹര്ജിക്കാരുടെ വാദം ശരിവെച്ചതോടെയാണ് തമിഴ്നാട് സര്ക്കാരും ആനുകൂല്യം ലഭിച്ച വ്യക്തിയും സുപ്രീം കോടതിയെ സമീപിച്ചത്. പിന്നാക്ക സമുദായങ്ങളുടെ പട്ടികയില് മാറ്റം വരുത്താനോ പുതിയ വിഭാഗങ്ങളെ ഉള്പ്പെടുത്താനോ സര്ക്കാര് നിയമപരമായ മാര്ഗ്ഗനിര്ദ്ദേശങ്ങള് പാലിക്കേണ്ടതുണ്ടെന്നും വിജ്ഞാപനത്തിലൂടെ അത് നടപ്പിലാക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.














