
സമൂഹ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതിനായി ഐടി നിയമത്തില്‍ മാറ്റം കൊണ്ടുവരാനാണ് ആലോചന. ഐടി ആക്ടിലെ 79-ാം വകുപ്പില്‍ മാറ്റങ്ങളാണ് പരിഗണനയില്‍. ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങള്‍ക്ക് കമ്പനികള്‍ നേരിട്ട് നിയമപരമായി ഉത്തരവാദികളാകില്ലെന്ന നിലവിലെ ചട്ടം മാറ്റിയേക്കും. വിവാദപരമോ നിയമവിരുദ്ധമോ ആയ ഉള്ളടക്കങ്ങളുടെ പേരില്‍ കമ്പനികള്‍ക്കെതിരെ നേരിട്ട് കേസെടുക്കാവുന്ന തരത്തിലാണ് മാറ്റങ്ങള്‍ പരിഗണിക്കുന്നത്.
എക്സ്, യൂട്യൂബ്, മെറ്റ എന്നീ സോഷ്യല്‍ മീഡിയ ഭീമന്മാരെ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. ???സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകള്‍ വെറും കണ്ടന്റ് കാരിയര്‍മാര്‍ മാത്രമല്ലെന്ന് കേന്ദ്രം. അല്‍ഗോരിതം വഴി ഉള്ളടക്കം നിയന്ത്രിക്കുന്നതിനും പങ്കുവെക്കുന്നതിനും സമൂഹ? മാധ്യമ അക്കൗണ്ടുകള്‍ക്കും പ്ലാറ്റ്‌ഫോമുകള്‍ക്കും പങ്കുണ്ടെന്ന് കേന്ദ്രം പറയുന്നു. നിയമ പരിരക്ഷ പിന്‍വലിക്കുന്നതോടെ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ കേന്ദ്രത്തിന് നേരിട്ട് കെസെടുക്കാന്‍ സാധിക്കും. നിലവില്‍ കേന്ദ്രം നോട്ടീസ് നല്‍കുന്നതനുസരിച്ച് സമൂഹമാധ്യമ പോസ്റ്റുകള്‍ പിന്‍വലിക്കുകയായിരുന്നു ചെയ്യുന്നത്.
ഉപയോക്താക്കള്‍ കാണുന്ന ഉള്ളടക്കം എന്തായിരിക്കണമെന്ന് സജീവമായി തീരുമാനിക്കുന്ന സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് പകരം, വിവരങ്ങള്‍ കൈമാറുകയോ എത്തിക്കുകയോ മാത്രം ചെയ്യുന്ന സേവനങ്ങള്‍ക്ക്-ഉദാഹരണത്തിന് ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ (ISPs), ടെലികോം സേവന ദാതാക്കള്‍ (TSPs), പിയര്‍-ടു-പിയര്‍ മെസേജിംഗ് പ്ലാറ്റ്ഫോമുകള്‍ എന്നിവയ്ക്ക്-മാത്രമായി ഈ സംരക്ഷണം പരിമിതപ്പെടുത്താമോ എന്ന് സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നാണ് വിവരം.
കഴിഞ്ഞ ഏതാനും മാസങ്ങളായി സര്‍ക്കാരും സോഷ്യല്‍ മീഡിയ കമ്പനികളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്കിടയില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്ലോഡ് ചെയ്ത ഒരു വീഡിയോ ഫേസ്ബുക്ക് ഇന്ത്യയില്‍ താല്‍ക്കാലികമായി തടഞ്ഞുവെച്ചതിനെത്തുടര്‍ന്ന്, ജൂലൈ മാസത്തില്‍ ഐടി മന്ത്രാലയം മെറ്റയുടെ ആഗോള നയ വിഭാഗം ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയിരുന്നു.














