
ചേരാനെല്ലൂര്‍ വാഹനാപകട കേസില്‍ അപകടമുണ്ടാക്കിയ പതിനേഴുകാരന്റെ പിതാവായ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അതേസമയം പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജി പരിഗണിച്ച എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി പ്രോസിക്യൂഷനോട് ഒരുകൂട്ടം ചോദ്യങ്ങള്‍ ഉയര്‍ത്തി.
ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് എതിരായ അപ്പീല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയതിനെ കോടതി വിമര്‍ശിച്ചു. സമാനമായ കേസില്‍, മനപ്പൂര്‍വമല്ലാത്ത നരഹത്യ, മരണത്തിന് കാരണമായേക്കാവുന്ന അശ്രദ്ധ തുടങ്ങിയ വകുപ്പുകള്‍ നേരത്തെ ചുമത്തിയിട്ടുണ്ടോ എന്നും കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് ചോദിച്ചു. അത്തരം എഫ്‌ഐആറുകള്‍ ഉണ്ടെങ്കില്‍ ഒരു മണിക്കൂര്‍ സമയത്തിനകം ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു.
കേസില്‍ ജഡ്ജി തെളിവുനശിപ്പിച്ചെന്ന ആരോപണത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ അടക്കം കൈമാറിയെന്നും അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും ഭദ്രകീര്‍ത്തി പറഞ്ഞു. പതിനേഴുകാരന്‍ ഓടിച്ച് വാഹനമിടിച്ച് അപകടമുണ്ടായ ശേഷം പിതാവായ അഡീഷണല്‍ ജില്ലാ ജഡ്ജി സ്ഥലത്തെത്തി ഏറെ നേരം ചെലവഴിച്ചെന്ന് ആരോപണം ഉണ്ടായിരുന്നു.














