Hivision Channel

മൃഗങ്ങളുമായി ഇടപെടുന്ന എല്ലാ ജീവനക്കാരും പേ വിഷ പ്രതിരോധ വാക്സിന്‍ എടുക്കണമെന്ന് ആരോഗ്യവകുപ്പ്

മൃഗങ്ങളുടെ വാക്സിനേഷന്‍, വന്ധ്യംകരണം എന്നിവയ്ക്കായി നായ ഉള്‍പ്പെടെയുള്ള മൃഗങ്ങളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാര്‍ക്ക് പേ വിഷബാധ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക വാക്സിനേഷന്‍ ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് നായകളെ പിടിച്ച് വാക്സിനേഷനും വന്ധ്യംകരണ ശസ്ത്രക്രിയയും നടത്തിവരികയാണ്. ഇവരില്‍ ചിലര്‍ക്ക് നായകളില്‍ നിന്നും കടിയേറ്റ സംഭവവുമുണ്ടായ പശ്ചാത്തലത്തിലാണ് സ്പെഷ്യല്‍ വാക്സിനേഷന്‍ ആരംഭിച്ചത്.വെറ്റിനറി ഡോക്ടര്‍മാര്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍, മൃഗങ്ങളെ പിടിക്കുന്നവര്‍, കൈകാര്യം ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. മൃഗങ്ങളുമായി ഇടപെടുന്ന എല്ലാ ജീവനക്കാരും പേ വിഷ പ്രതിരോധ വാക്സിന്‍ എടുക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.മുമ്പ് വാക്സിന്‍ എടുത്തവരേയും എടുക്കാത്തവരേയും തരംതിരിച്ചാണ് വാക്സിന്‍ നല്‍കുന്നത്. മുമ്പ് വാക്സിന്‍ എടുക്കാത്തവര്‍ക്ക് മൂന്ന് ഡോസ് വാക്സിനാണ് നല്‍കുന്നത്. ആദ്യ വാക്‌സീന്‍ സ്വീകരിച്ച് 7, 21 ദിവസങ്ങളുടെ ഇടവേളയിലാണ് ഇവര്‍ക്ക് വാക്സിന്‍ നല്‍കുന്നത്. ഇവര്‍ 21 ദിവസം കഴിഞ്ഞിട്ട് മാത്രമേ മൃഗങ്ങളുമായി ഇടപെടാന്‍ പാടുള്ളൂ. ഭാഗീകമായി വാക്സിനെടുത്തവരും വാക്സിന്‍ എടുത്തതിന്റെ രേഖകള്‍ ഇല്ലാത്തവരും ഇത്തരത്തില്‍ മൂന്ന് ഡോസ് വാക്സിന്‍ എടുക്കണം.നേരത്തെ വാക്സിന്‍ എടുത്തവരും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവരുമായവര്‍ക്ക് അവര്‍ക്ക് ഒരു ബൂസ്റ്റര്‍ ഡോസ് നല്‍കും. അതിന് ശേഷം മാത്രമേ മൃഗങ്ങളുമായി ഇവര്‍ ഇടപെടാന്‍ പാടുള്ളൂ. വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച് ജോലിയില്‍ ഏര്‍പ്പെടുന്ന ജീവനക്കാര്‍ക്ക് വീണ്ടും മൃഗങ്ങളുടെ കടിയേറ്റാല്‍ ഇവര്‍ക്ക് പൂജ്യം, 3 ദിവസങ്ങളില്‍ രണ്ട് ഡോസ് വാക്സിന്‍ നല്‍കുന്നതാണ്. ഇവര്‍ റീ എക്സ്പോഷര്‍ വിഭാഗത്തിലാണ് വരിക.ആരോഗ്യ വകുപ്പിന്റെ പ്രതിരോധ കുത്തിവയ്പ്പിനുള്ള വിദഗ്ധ സമിതി വാക്സിനേഷന് വേണ്ടിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മൃഗസംരക്ഷണ വകുപ്പിനും തദ്ദേശസ്വയംഭരണ വകുപ്പിനും നല്‍കിയിട്ടുണ്ട്. നിലവില്‍ വാക്സിന്‍ ലഭ്യമായിട്ടുള്ള ആശുപത്രികളിലാണ് വാക്സിന്‍ എടുക്കാന്‍ സാധിക്കുക.എല്ലാ ജില്ലകളിലും ആരോഗ്യ വകുപ്പിലെ ജീവനക്കാര്‍ക്കായി സ്പെഷ്യല്‍ വാക്സിനേഷനായി പരിശീലനം നല്‍കി വരുന്നു.

Leave a Comment

Your email address will not be published. Required fields are marked *