പാലക്കാട്: പൊലീസിനെതിരെ വിചാരണക്കോടതിയില്‍ പരാതിയുമായി മധുകൊലക്കേസ് പ്രതികള്‍. പൊലീസ് മരുന്ന് നല്‍കിയില്ലെന്നാണ് പ്രതികളുടെ പരാതി. ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് ഇന്നലെ കീഴടങ്ങിയതിന് പിന്നാലെ രാത്രി ഭക്ഷണത്തിന്റെ പണം ഇവര്‍ തന്നെയാണ് കൊടുത്തതെന്നും പ്രതികള്‍ കോടതിയെ അറിയിച്ചു.ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചതിന് പിന്നാലെ 11 പ്രതികള്‍ ഇന്നലെ കീഴടങ്ങിയിരുന്നു. വൈകിട്ട് അഞ്ച് മണിയോടെയാണ് പ്രതികള്‍ മണ്ണാര്‍ക്കാട് കോടതിയില്‍ കീഴടങ്ങിയത്. നടപടികള്‍ പൂര്‍ത്തിയാക്കി ജയിലിലേക്ക് മാറ്റാന്‍ വൈകിയതിനാല്‍ രാത്രി ഭക്ഷണത്തിന്റെ പണം പ്രതികള്‍ തന്നെയാണ് നല്‍കിയത്. ഇതും പ്രതികള്‍ കോടതിയില്‍ പരാതിയായി അറിയിച്ചു. മാന്‍ഡ് ചെയ്ത പ്രതികളുടെ മരുന്നും ഭക്ഷണവും സര്‍ക്കാര്‍ നല്‍കണം എന്നാണ് പ്രതികളുടെ ആവശ്യം. കൈവിലങ്ങ് ആവശ്യമുള്ളപ്പോള്‍ മാത്രം ഉപയോഗിക്കാന്‍ പൊലീസിനോട് നിര്‍ദ്ദേശിക്കണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടു.കുറ്റം തെളിയുന്നത് വരെ പ്രതികള്‍ നിരപരാധികള്‍ക്ക് തുല്യരെന്നും മാന്യമായി പെരുമാറണമെന്നും കോടതി പൊലീസിന് മുന്നറിയിപ്പ് നല്‍കി. പെരുമാറ്റം മോശമായാല്‍ നടപടി എടുക്കുമെന്നും പൊലീസിനോട് വിചാരണക്കോടതി താക്കീത് ചെയ്തു. കേസില്‍ 49 മുതല്‍ 53 വരെയുള്ള സാക്ഷികളെ ഇന്ന് വിസ്തരിക്കും. എല്ലാവരും വിവിധ മഹ്സറുകളില്‍ ഒപ്പുവച്ചവരാണ്. 2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികള്‍ ചേര്‍ന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്. ആകെ 122 സാക്ഷികളാണ് മധുകേസിലുളളത്. ഇതില്‍ ഇതുവരെ 22 സാക്ഷികള്‍ കൂറുമാറി.