Hivision Channel

പോസ്റ്റല്‍ ബാലറ്റ് ഒഴിവാക്കണമെന്ന നിര്‍ദ്ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഒഴിവാക്കണം എന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പോസ്റ്റല്‍ ബാലറ്റ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്ക് പ്രത്യേക കേന്ദ്രങ്ങളില്‍ വോട്ടു രേഖപ്പെടുത്താന്‍ സൗകര്യം ഒരുക്കാം എന്ന ബദല്‍ നിര്‍ദ്ദേശമാണ് കമ്മീഷന്‍ മുന്നോട്ടു വയ്ക്കുന്നത്.

തെരഞ്ഞെടുപ്പ് നടപടികളില്‍ വലിയൊരു മാറ്റത്തിനുള്ള നിര്‍ദ്ദേശമാണ് കമ്മീഷന്‍ നല്കിയിരിക്കുന്നത്. നിലവില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ടു ചെയ്യാനുള്ള സൗകര്യം ഉണ്ട്. കൊവിഡ് കാലത്ത് കൂടുതല്‍ പേര്‍ക്ക് ഇതിനുള്ള സൗകര്യം നല്കി. എന്നാല്‍ പോസ്റ്റല്‍ ബാലറ്റ് ദുരുപയോഗം ചെയ്യുന്നു എന്നാണ് കമ്മീഷന്‍ കണ്ടെത്തല്‍. നിലവില്‍ പോസ്റ്റല്‍ ബാലറ്റ് വാങ്ങി പ്രത്യേക കേന്ദ്രങ്ങളില്‍ വോട്ടു ചെയ്ത് തിരികെ നല്കാനുള്ള സൗകര്യമുണ്ട്. എന്നാല്‍ പോസ്റ്റല്‍ ബാലറ്റ് വോട്ടെണ്ണല്‍ നടക്കുന്ന ദിവസം രാവിലെ തിരികെ എത്തിച്ചാല്‍ മതി എന്ന ചട്ടം നിലവിലുണ്ട്. ഈ ചട്ടം ദുരുപയോഗം ചെയ്യുന്നു എന്നാണ് കമ്മീഷന്‍ പറയുന്നത്.

ഡ്യൂട്ടി കഴിഞ്ഞാല്‍ പോലും ഉദ്യോഗസ്ഥര്‍ പോസ്റ്റര്‍ ബാലറ്റ് കൈയ്യില്‍ വാങ്ങി വീട്ടില്‍ സൂക്ഷിക്കും. ബാലറ്റ് കാട്ടി വോട്ടു ചെയ്യാന്‍ സ്ഥാനാര്‍ത്ഥികളില്‍ നിന്ന് ആനുകൂല്യം സ്വീകരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പലയിടത്തു നിന്നും കമ്മീഷന് കിട്ടി. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ പകുതിയിലധികം പോസ്റ്റല്‍ വോട്ടുകളും വോട്ടെണ്ണല്‍ നടക്കുന്നതിന് തൊട്ടു മുന്‍പാണ് തിരികെ എത്തുന്നത്. ഇത് തടയാനാണ് ശുപാര്‍ശ. ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക കേന്ദ്രങ്ങളില്‍ എത്തി വോട്ടു ചെയ്യാനുള്ള പകരം സംവിധാനം ഒരുക്കാം എന്നാണ് നിര്‍ദ്ദേശം. കമ്മീഷന്റെ ശുപാര്‍ശ നടപ്പാകാന്‍ നിയമത്തില്‍ മാറ്റം വരുത്തേണ്ടി വരും എന്നിരിക്കെ ഇനി സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടത്.

Leave a Comment

Your email address will not be published. Required fields are marked *